നേന്ത്രക്കായ തിരഞ്ഞെടുക്കുന്നതിൽ വേണം ശ്രദ്ധ
നല്ലതു പോലെ മൂത്ത കായകൾ വേണം വറുക്കാനായി തെരഞ്ഞെടുക്കേണ്ടത്. മൂപ്പെത്താത്ത കായകളാണെങ്കിൽ ഉപ്പേരിയ്ക്ക് യഥാർത്ഥ രുചി കിട്ടുകയില്ല. ചിപ്സ് നല്ലതു പോലെ
ക്രിസ്പിയായി കിട്ടണമെങ്കിലും വിളഞ്ഞ കായ തന്നെയാണ് നല്ലത്. നൂറ് കൂടുതലുള്ള കായയായ നേന്ത്രനാണ് എപ്പോഴും വറക്കാൻ മികച്ചത് .
കനം കുറച്ച് അരിയാം
ഒരേ കനത്തിൽ വട്ടത്തിൽ അരിഞ്ഞെടുക്കണം ഉപ്പേരിയ്ക്കുള്ള കായ. അരിഞ്ഞവ ഒരുപോലെ ഇരുന്നാൽ മാത്രമേ വറുക്കുമ്പോൾ കൃത്യമായി, ഒരേപോലെ പാകമായി കിട്ടുകയുള്ളൂ. നല്ലതു പോലെ കനം കുറച്ചരിഞ്ഞാൽ ഉപ്പേരി ക്രിസ്പി ആയിരിക്കും.
ഉപ്പു വെള്ളത്തിൽ ഇടാം
അരിഞ്ഞ കായകൾ ഉപ്പ് കലക്കിയ വെള്ളത്തിൽ കുറച്ചു സമയമിട്ടു വയ്ക്കണം. ഇങ്ങനെ ചെയ്യുന്നത് കായയിലെ കറ പോകുന്നതിനു സഹായിക്കും. ഒപ്പം വറുക്കുമ്പോൾ കായകൾ തമ്മിൽ ഒട്ടിപ്പിടിക്കാതിരിക്കുകയും ചെയ്യും. നല്ലതു പോലെ മൂത്തു പാകമായ നേന്ത്രക്കായ തൊലി കളഞ്ഞു അരിഞ്ഞതിനു ശേഷം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളത്തിൽ നാല് മുതൽ അഞ്ച് മിനിട്ടു വരെ എങ്കിലും ഇട്ടുവെയ്ക്കണം. അതിനു ശേഷം വെള്ളം വാർന്നു പോകുന്നതിനു വേണ്ടി ഒരു അരിപ്പയിലേയ്ക്ക് മാറ്റി വയ്ക്കണം. അടി കട്ടിയുള്ള വലിയ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് നല്ലതു പോലെ ചൂടായതിനു ശേഷം അരിഞ്ഞ കായകൾ ഇട്ടുകൊടുത്തു വറുത്തു കോരാം. ഒരുമിച്ചു എല്ലാം കൂടി ഇടരുത്. ചൂടാറിയതിനു ശേഷം ഒരു വായുകടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.
Story Highlights ; Kaya upperi