തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി. അന്വേഷണം പൂർത്തിയാകും വരെ എഡിജിപിക്ക് എതിരേ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി.പി.ഐ. ഇടതുമുന്നണി യോഗത്തിനു മുൻപ് ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് നിലപാട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ഇടതുമുന്നണി യോഗത്തിലും അവർ എടുത്തത്.
അജിത് കുമാറിനെ മാറ്റണമെന്ന നിലപാടാണ് ആര്‍.ജെ.ഡിയും സ്വീകരിച്ചത്. വിഷയം അജണ്ടയിൽ വെച്ച് ചർച്ച വേണമെന്ന് ആര്ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് യോഗത്തിൽ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ഇന്ന് എകെജി സെന്ററിൽ ചേർന്ന നിർണായക എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
സംസ്ഥാനത്ത് ഏറ്റവും സജീവമായി നിലനിൽക്കുന്നത് എഡിജിപി അജിത്ത് കുമാർ, മുഖ്യമന്ത്രയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശി എന്നിവർക്കെതിരേയുള്ള ആരോപണങ്ങളാണ്. അതിനാൽ ഇവ ചർച്ച ചെയ്തില്ലെങ്കിൽ സമൂഹത്തിൽ വിശ്വാസ്യത നേടിയെടുത്ത് മുന്നോട്ടുപോകാൻ മുന്നണിക്ക് കഴിയില്ലെന്ന് യോഗത്തിൽ ആർ.ജെ.ഡി വ്യക്തമാക്കി.
ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകൾ, വയനാട് പുനരധിവാസം തുടങ്ങിയവയായിരുന്നു യോഗത്തിലെ അജണ്ടകൾ.
അതിനിടെ നാല് ദിവസത്തെ അവധി എഡിജിപി പിൻവലിച്ചു. വിവാദം മുറുകുന്നതിനിടെയാണ് ശനിയാഴ്ച മുതൽ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം അജിത് കുമാർ മാറ്റിയത്. ഇന്നലെ മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം. അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സർക്കാർ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി വി അൻവർ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. വിവാദങ്ങൾക്ക് മുമ്പ് ചില സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു അവധി ചോദിച്ചിരുന്നത്. അൻവറിന് ഒപ്പം അജിത് കുമാറിൻ്റെയും പരാതി ഉള്ളതിനാൽ അജിത് കുമാറിൻ്റെയും മൊഴി ഡിജിപി രേഖപ്പെടുത്തും.