കേരളത്തിലെ ചില സ്ഥലങ്ങളില്‍ മാത്രമാണ് സദ്യയ്‌ക്കൊപ്പം എരിശ്ശേരി വിളമ്പാറ്. വളരെ രുചികരമായ ഒരു വിഭവമാണിത്. ഏത് പച്ചക്കറികള്‍ ഉപയോഗിച്ചും എരിശ്ശേരി നമുക്ക് തയ്യാറാക്കാം. ഒരുപാട് സമയമെടുക്കാതെ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവം കൂടിയാണിത്. വളരെ രുചികരമായ കായ ചേന എരിശ്ശേരി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകള്‍;
- ഏത്തക്കായ
- ചേന
- മുളകുപൊടി
- മഞ്ഞള്‍പ്പൊടി
- പച്ചമുളക്
- കറിവേപ്പില
- കുരുമുളക്
- തേങ്ങ
- ചെറിയ ഉള്ളി
- ജീരകം
- പച്ചമുളക്
- കടുക്
- വറ്റല്‍മുളക്
തയ്യാറാക്കുന്ന വിധം;
ഏത്തക്കായും ചേനയും തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് വെള്ളം ചേര്‍ക്കുക. ഇതിലേക്ക് അല്‍പ്പം മുളകുപൊടി, മഞ്ഞള്‍പ്പൊടി, പച്ചമുളക്, കറിവേപ്പില, കുരുമുളക് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച ശേഷം വേവിക്കുക. ഇതെല്ലാം കൂടി വെന്ത് വരുമ്പോഴേക്കും ഇതിലേക്ക് തേങ്ങയും ചെറിയ ഉള്ളിയും ജീരകവും പച്ചമുളകും മഞ്ഞളും കൂടി അരച്ച് നല്ല പേസ്റ്റ് പരുവത്തില്‍ ആക്കിയ കൂട്ട് ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക.
ശേഷം ഇവ നല്ലതുപോലെ ഇളക്കി മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച ശേഷം ഇതിലേക്ക് ചെറുതായി ചിരകിയെടുത്തത തേങ്ങ കൂടി ചേര്‍ത്തു കൊടുക്കുക. എന്നിട്ട് ചെറിയ ഫഫ്‌ളെയിമില്‍ ഇട്ടുകൊണ്ട് നല്ല ചുവപ്പ് നിറം ആകുന്നത് വരെ ഇളക്കുക. വറുത്തെടുത്ത ഈ തേങ്ങക്കൂട്ട് വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറി കൂട്ടിലേക്ക് ചേര്‍ത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. പച്ചയ്ക്കുള്ള തേങ്ങയും വറുത്ത തേങ്ങയും ഇതിലുള്ളതുകൊണ്ട് തന്നെ വളരെ രുചികരമായ വിഭവമാണിത്.
STORY HIGHLIGHTS: Chena Kaaya Erissery recipe