മനുഷ്യൻ സംഘം ചേർന്ന് താമസിക്കാൻ തുടങ്ങിയ കാലം മുതലെ പശുവിനെ ഇണക്കി വളർത്താനും പാൽ കുടിക്കാനും നമ്മൾ ശീലിച്ചിരുന്നു. മാത്രമല്ല ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നാം കേൾക്കാൻ തുടങ്ങിയിട്ടും നാളുകൾ ഏറെയായി. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും പാൽ ഒഴിച്ചുകൂട്ടാനാവാത്ത പ്രധാന വസ്തുവാണ്.
എല്ലുകളുടെ ബലം, ഹൃദയാരോഗ്യം, അമിതവണ്ണം നിയന്ത്രിക്കുക എന്നിവയ്ക്ക് പാൽ ഉത്തമമാണ്. പതിവായി പാൽ കുടിയ്ക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും. മധുര പാനീയങ്ങൾക്ക് പകരം പാൽ ഉപയോഗിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടഞ്ഞ്. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന കെസിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. പാലിൽ പൊട്ടാഷ്യം അടങ്ങിട്ടുള്ളതിനാൽ പാലും പാൽ ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
വിശപ്പ് കുറയ്ക്കുന്നതിനും പാൽ കുടിക്കുന്നത് ഉത്തമമാണ് . ഇതിലടങ്ങിയിരിക്കുന്ന അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ പാലിൽ ശരിയായ അളവിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ അമിതമായ ഭക്ഷണം കഴിക്കുന്നതിനെ ഇത് തടയുന്നു. പാലിലെ കേസിൻ, വെയ് പ്രോട്ടീനുകളും പേശികളുടെ നിർമാണത്തിൽ വളരെയധികം സഹായിക്കുന്നു. പ്രോട്ടീന്റെ മികച്ച ഉറവിടമായ പാൽ കുടിക്കുന്നതുവഴി എല്ലുകളും സന്ധികളും ശക്തവും ഉറപ്പുള്ളതുമായിത്തീരുന്നു. കൂടാതെ പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളിൽ ഉറക്കത്തിന്റെ ഗതി നിർണയിക്കുന്ന ന്യുറോ ട്രാൻസ്മിറ്ററുകളായ സെറാടോണിനും മെലാറ്റോണിനും കൂടുതൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ ഉറക്കമില്ലായ്മയെ ചെറുക്കൻ രാത്രി പാൽ കുടിക്കുന്നത് നല്ലതാണ്. മാത്രമല്ല സ്ഥിരമായി പാൽ കുടിയ്ക്കുന്നവരിൽ ഓർമശക്തി ഗ്രഹണശേഷി എന്നിവ വർധിക്കുന്നു.
എന്നാൽ ചിലരിൽ പാലിന്റെ ഉപയോഗം മൂലം വയറിളക്കം, ഗ്യാസ്, മലബന്ധം തുടങ്ങിയ പല ദഹനപ്രശ്നങ്ങൾക്കും കാരണമാകുന്നു. എഴുപത് ശതമാനം ആളുകൾക്കും പ്രായമാകുമ്പോൾ പാലിനോട് അലർജി ഉണ്ടാകുന്നു. അസ്മ, വൃക്ക സംബന്ധമായ രോഗങ്ങൾ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർ പാൽ നിയന്ത്രിച്ചു മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത് .
STORY HIGHLIGHT: Is it good to drink milk?