തിരുവനന്തപുരം: കേരളാ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കെഎസ്യു എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തെതുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ചു.
രണ്ട് സെനറ്റ് സീറ്റുകളും രണ്ടു വീതം എക്സിക്യൂട്ടീവ്-സ്റ്റുഡൻസ് കൗൺസിൽ സീറ്റുകളിലും കെഎസ്യു വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ അക്രമണം അഴിച്ചുവിട്ടെന്നാണ് കെഎസ്യുവിന്റെ ആരോപണം. എന്നാൽ വോട്ടെണ്ണലിൽ ചില അപാകതകളുണ്ടെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും അടക്കം സ്ഥലത്തുള്ളപ്പോളാണ് സംഘർഷമുണ്ടായത്.
വോട്ടെണ്ണലിൽ സംശയമുള്ള സീറ്റുകളിൽ റീ കൗണ്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് തർക്കത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിക്കുകയായിരുന്നു എന്നും എസ്എഫ്ഐ ആരോപിക്കുന്നുണ്ട്. എന്നാൽ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമണത്തിൽ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റതായി കെഎസ്യുവും ആരോപിക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ നിർത്തിവച്ചു. സംഭവ സ്ഥലത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.