കേരളത്തില്‍ സ്വര്‍ഗ്ഗതുല്യമായ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വ്യൂ പോയിന്റുകളുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ തന്നെയുണ്ട് ചതുരംഗപ്പാറ. ചതുരംഗപ്പാറ വ്യൂ പോയിന്റ് വിന്‍ഡ് മില്‍സ് എന്നും അറിയപ്പെടുന്നു. സന്ദര്‍ശകര്‍ക്ക് സവിശേഷവും ആശ്വാസകരവുമായ അനുഭവം പ്രദാനം ചെയ്യുന്ന സ്ഥലമാണിവിടം. ദിവസം മുഴുവനും തണുത്തതും കാറ്റുള്ളതുമായ അന്തരീക്ഷമാണിവിടെ. ഉച്ചസമയത്തും ഇവിടെ തണുപ്പാണ് അനുഭവപ്പെടാറ്. ചെരുവുകളില്‍ ചിതറിക്കിടക്കുന്ന കാറ്റാടിയന്ത്രങ്ങളുടെ അതിശയകരമായ കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. ഈ വ്യൂപോയിന്റില്‍ നിന്നുകൊണ്ട് തമിഴ്നാട്ടിലെ കൃഷിയിടങ്ങളും കാണാം.താഴെ നിന്നും വ്യൂ പോയിന്റിലേക്ക് എത്താന്‍, നടക്കുകയാണെങ്കില്‍ 10 മിനിറ്റ് ദൂരം മാത്രമേയുള്ളൂ എന്നാല്‍ ഇവിടേക്ക് ജീപ്പില്‍ സവാരിയും ഉണ്ട്. സൂര്യോദയം കാണാനും സൂര്യ അസ്തമയം കാണാനുമാണ് ഇവിടേക്ക് സഞ്ചാരികള്‍ പ്രധാനമായും എത്താറ്. ചുറ്റുമുള്ള കുന്നുകളുടെയും താഴ്വാരകളുടെയും അതിശയകരമായ കാഴ്ചകളാണ് ഇവിടെ നിന്നും കാണാന്‍ സാധിക്കുന്നത്. രാവിലെയും വൈകുന്നേരവും മൂടല്‍മഞ്ഞുകൊണ്ട് മൂടപ്പെട്ടിരിക്കുന്ന ഈ സ്ഥലം ഈ സമയത്ത് കാണാന്‍ വളരെ ഭംഗിയാണ്.
പശ്ചിമഘട്ടത്തിന്റെ മലനിരകളെ ഇവിടെ നിന്നും കാണാന്‍ സാധിക്കും. രാമക്കല്‍മേടിന്റെ മനോഹാരിതയും ഇടുക്കി ഡാമിന്റെ പ്രകൃതിയാല്‍ ചുറ്റപ്പെട്ട ദൃശ്യഭംഗിയും ഇവിടെ നിന്നാല്‍ കാണാന്‍ സാധിക്കും. ചതുര ആകൃതിയിലുള്ള പാറ ആണ് ഇവിടെയുള്ളത്. അതുകൊണ്ടാണ് ഈ സ്ഥലം ചതുരംഗ പറ എന്ന പേരില്‍ അറിയപ്പെടുന്നത്. എസ്റ്റേറ്റ് തൊഴിലാളികളാണ് ഈ പ്രദേശത്ത് താമസിക്കുന്നവരില്‍ ഏറെയും. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും പ്രകൃതിയെ അടുത്തറിഞ്ഞ് ആഴത്തില്‍ നടക്കണമെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷന്‍ ആണിത്. ഇടുക്കി ജില്ലയിലെത്തിയാല്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു ഇടം കൂടിയാണിത്. ഈ സ്ഥലത്തെ ചുറ്റിപ്പറ്റി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ ഇവിടേക്കുളള യാത്ര ഒരു കംപ്ലീറ്റ് ടൂര്‍ പാക്കേജ് ആണ്.മൂന്നാറില്‍ നിന്നാണ് ഇവിടേക്ക് വരുന്നതെങ്കില്‍ മൂന്നാര്‍-പൂപ്പാറ വഴി ശാന്തന്‍പാറ എത്തി അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞാല്‍ എത്തുന്നത് ചതുരംഗ പാറയിലെ കാറ്റാടിപ്പാടത്താണ്. തേക്കടി-കട്ടപ്പന ഭാഗത്തുനിന്ന് വരുന്നവര്‍ നെടുംകണ്ടം കണ്ടതിനു ശേഷം ഉടുമ്പന്‍ചോലയില്‍ നിന്ന് മുന്‍പിലേക്ക് വരുമ്പോള്‍ ആണ് ചതുരംഗ പാറ. അവിടെനിന്ന് വലതുഭാഗത്തേക്ക് തിരിഞ്ഞാല്‍ ചതുരംഗപ്പാറയിലെ കാറ്റാടിപ്പാടത്ത് എത്താം.
STORY HIGHLIGHTS: Chaturangapara view point, Idukki