മലപ്പുറം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് താനൂർ ഡിവൈഎസ്പി വിവി ബെന്നി. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിൻ്റെ വിരോധമാണ് ഇതിന് പിന്നിലെന്ന് വിവി ബെന്നി പറഞ്ഞു.
ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. സംഭവത്തിൽ സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത വാർത്ത മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ചാനലിനെതിനെ കടുത്ത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎസ്പി വിവി ബെന്നി അറിയിച്ചു.
മുട്ടിൽമരം മുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടയാനാണ് വീട്ടമ്മയെ ഉപയോഗിച്ച് ചാനൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ബെന്നി നേരത്തെ പരാതി നൽകിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി.ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി ചാനലിലൂടെ നടത്തിയ ആരോപണം.
വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ ,ആന്റോ അഗസ്റ്റിൻ എന്നിവരെ അറസ്റ്റ് ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥനായ വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു.