തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാർ അവധി അപേക്ഷ പിൻവലിച്ചു. സ്വകാര്യ ആവശ്യങ്ങൾക്കായി ഈമാസം 14 മുതൽ 17വരെ നാലുദിവസത്തേക്കാണ് അവധി അപേക്ഷ നൽകിയിരുന്നത്. ഇതിനു കഴിഞ്ഞദിവസം ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരുന്നു.
എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ അജിത് കുമാർ അപേക്ഷ പിന്‍വലിച്ചു. പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയതിന് പിന്നാലെയാണ് ഊ വിവരം പുറത്തുവരുന്നത്. പി.വി. അന്‍വര്‍ ആരോപണമുന്നയിച്ച മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരന് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനമുണ്ടായത്. ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ അജിത്കുമാറിനെ ക്രമസമാധാന വിഭാഗത്തില്‍നിന്ന് നീക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനായി പൊലീസ് മേധാവിയുടെ ഓഫിസില്‍നിന്ന് കുറിപ്പും തയാറാക്കിയിരുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുമായി പൊലീസ് മേധാവി നടത്തിയ ചര്‍ച്ചക്കുശേഷമാണ് അദ്ദേഹത്തെ മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. ബുധനാഴ്ച നടന്ന എൽ.ഡി.എഫ് യോഗത്തിൽ അജിത്കുമാറും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും പ്രത്യേകസംഘത്തിന്റെ അന്വേഷണ പരിധിയിൽ വരുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.