കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശിയായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരിച്ചു. വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്പലവയൽ ആണ്ടൂർ സ്വദേശിയാണ് ജെൻസൺ.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. 8.52ഓടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൺ.
ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ശ്രുതിക്ക് കാലിന് ചെറിയ പരിക്കേറ്റിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കേറ്റിരുന്നില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.
ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക് നഷ്ടപ്പെട്ട്പ്പോൾ താങ്ങായി കൂടെയുണ്ടായിരുന്നത് ജെൻസൻ മാത്രമായിരുന്നു. ദീർഘനാളായി പ്രണയത്തിൽ ആയിരുന്ന ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച് ഒരു മാസത്തിനു ശേഷമാണ് തന്റെ പ്രയപ്പെട്ടവരെ നഷ്ടപ്പെട്ടത്.