ഓണം ഇങ്ങെത്താറായി. സദ്യവട്ടം ഒരുക്കുമ്പോള്‍ അതില്‍ പ്രധാനി തന്നെയാണ് പുളിശ്ശേരി. പുളിശ്ശേരി ഇല്ലാത്ത സദ്യ എങ്ങും തന്നെ ഉണ്ടാവില്ല. എല്ലായിടത്തും ഒരുപോലെ വിളമ്പുന്ന ഒരു വിഭവമാണ് ഇത്. ഇത്തവണ നമുക്ക് ഓണസദ്യയിലെ സാധാരണ പുളിശ്ശേരി മാറ്റി പകരം മാമ്പഴ പുളിശ്ശേരി വിളമ്പിയാലോ? മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ആവശ്യമായ ചേരുവകള്‍;
- പഴുത്തമാങ്ങ
- പച്ചമുളക്
- മഞ്ഞള്‍പൊടി
- തൈര്
- വറ്റല്‍മുളക്
- കടുക്
- കറിവേപ്പില
- കൊച്ചുള്ളി
- തേങ്ങ
- ജീരകം
തയ്യാറാക്കുന്ന വിധം;
മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നതിനായി ചെറിയ മാമ്പഴമെടുത്ത് തൊലികളഞ്ഞ് അതിലേക്ക് വെള്ളം ചേര്‍ത്ത് മഞ്ഞള്‍പ്പൊടി, ഉപ്പ്, പച്ചമുളക്, എന്നിവ ചേര്‍ത്ത് ഒന്ന് വേവിക്കുക. മാമ്പഴം ചൂട് തട്ടി അതിന്റെ മാംസം ഒക്കെ ഇളകി വരുമ്പോഴേക്കും ഇതിലേക്ക് ഒരു കൂട്ട് ചേര്‍ത്ത് കൊടുക്കണം. തേങ്ങ, പച്ചമുളക്, ജീരകം, കറിവേപ്പില, മാങ്ങ അരിഞ്ഞത് എന്നിവ ചേര്‍ത്ത് പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കുന്ന കൂട്ടാണ് വേവിച്ച് വെച്ചിരിക്കുന്ന മാങ്ങയിലേക്ക് ചേര്‍ത്ത് നല്‍കാന്‍.
ഇത് നല്ലപോലെ ഇളക്കിയതിനുശേഷം ഇതിലേക്ക് പുളിയില്ലാത്ത തൈര് ആവശ്യത്തിന് ചേര്‍ത്ത് കൊടുക്കുക. ശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ചുകൊണ്ട് ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് കടുക്, വറ്റല്‍ മുളക്, കറിവേപ്പില, കൊച്ചുള്ളി എന്നിവ ചേര്‍ത്ത് വറുത്തെടുക്കുക. ശേഷം ഇത് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മാങ്ങ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. നല്ല രുചിയേറും മാമ്പഴ പുളിശ്ശേരി തയ്യാര്‍.
STORY HIGHLIGHTS: Mango pulissery recipe