ലഖ്പത് ഇന്നൊരു പ്രേത നഗരമാണ്. ലക്ഷാധിപതികളുടെ മാത്രം ഗ്രാമമായിരുന്നു ഗുജറാത്തിലെ കച്ച് ജില്ലയിലെ അപൂർവ്വ സുന്ദരമായ, നിശബ്ദത വഴിഞ്ഞൊഴുകുന്ന ലഖ്‍പത്. ലക്ഷാധിപതികളുടെ പ്രദേശമായതിനാലായിരുന്നു ലഖ്‍പത് എന്ന പേരിന്റ പിറവിക്കു പിന്നിൽ. പതിമൂന്നാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന റാവ് ലഖാ രാജാവിൽ നിന്നാണ് പേര് ലഭിച്ചതെന്നും കഥയുണ്ട്. കഥകൾ എന്തുതന്നെയായാലും ഈ ഭൂമി ഇന്ന് സഞ്ചാരികളെ ആകർഷിക്കുന്നത് ഇവിടുത്തെ ദുരന്ത കഥകളുടെ പേരിലാണ്.1819ൽ ലഖ്‍പതിന്റെ തലവര തന്നെ മാറ്റിയെഴുതിയ ഭൂകമ്പമുണ്ടായി. റിക്ടർ സ്കെയിലിൽ എട്ടു വരെ അടയാളപ്പെടുത്തിയ ഭൂകമ്പം എല്ലാം ഗതിമാറ്റിയൊഴുക്കി. സിന്ധു നദിയെ പോലും ഗതി തിരിച്ചു വിടാൻ ഈ ഭൂകമ്പം കാരണമായി. കൃഷിയും മത്സ്യബന്ധവും മുഖ്യ തൊഴിലായി സ്വീകരിച്ചിരുന്ന ലഖ്‍പതിയിലെ ജനങ്ങൾ മുക്കാലും അന്നത്തെ ഭൂകമ്പത്തിൽ മരിച്ചു. ബാക്കിയുള്ളവർ പട്ടിണിയിലേക്ക് കൂപ്പുകുത്തി. കടുത്ത ദാരിദ്രം സഹിക്കാനാവാതെ നിരവധി പേർ നഗരത്തിൽ നിന്ന് പലായനം ചെയ്യാനും ആരംഭിച്ചു. പതിനയ്യായിരത്തിലധികം ആളുകൾ ഒരു കാലത്തു ഉണ്ടായിരുന്ന ഈ സ്ഥലത്തിപ്പോൾ ഉള്ളത് വെറും അഞ്ഞൂറോളം പേർ മാത്രമാണ്. അത്രകണ്ട് ഇവിടുത്തെ ജീവിതം മാറിപ്പോയിരിക്കുന്നു. പിന്നെ എങ്ങനെ ഇതിനെ പ്രേത നഗരം എന്ന് വിളിക്കാതെയിരിക്കും.
പതിനെട്ടാം നൂറ്റാണ്ടിന്റെ ഓർമ്മകളിൽ ഇന്നും വിങ്ങി നിൽക്കുകയാണ് ഈ നഗരം. പാകിസ്ഥാനുമായും മറ്റു പല രാജ്യങ്ങളുമായും വാണിജ്യ ഇടപെടലുകൾ ഉണ്ടായിരുന്ന ലഖ്‌പത് കൃഷി കൊണ്ട് തന്നെയാണ് അത്രയും സമൃദ്ധമായത്. കൃഷി നശിച്ച് മുളക്കാടും പാഴ് നിലങ്ങളും ശവപറമ്പു പോലെയായി. സൂഫി സന്യാസിമാരുടെയും സിഖ് മതക്കാരുടേയുമൊക്കെ അധിവാസ കേന്ദ്രമായിരുന്നു ഒരിക്കൽ ഇവിടം. സിഖ് സ്ഥാപകനായ ഗുരു നാനാക്ക് ഹജ്ജിനു മക്കയിലേക്കു പോകും വഴി വിശ്രമിച്ച ഇടമായി കേൾക്കുന്ന ഗുരുദ്വാര ഇവിടെയാണ്. അങ്ങനെ നിരവധി സങ്കേതങ്ങൾ യാത്രികർക്കായി ഇവിടെയുണ്ട്.ഗുജറാത്തിലെ പ്രശസ്തമായ ഭുജ് നഗരത്തിനടുത്ത് തന്നെയാണ് ലഖ്‌പത് സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് ലഖ്‌പത് കോട്ടയാണ്. ഏഴു കിലോമീറ്ററോളം നീളമുള്ള കോട്ട 1800കളിൽ ജമദർ ഫത്താ മുഹമ്മദ് സുൽത്താൻ കെട്ടിയുണ്ടാക്കിയതാണ്. ഇവിടെ നിന്ന് നോക്കിയാൽ തന്നെ ലഖ്‌പതിന്റെ മനോഹാരിത മനസ്സിലാക്കാം. ഈ കോട്ട ഇപ്പോൾ അതിർത്തിസംരക്ഷണ സേനയുടെ കീഴിലാണ്.
സൂഫി ആചാര്യനായിരുന്ന പീർ മുഹമ്മദിന്റെ അന്ത്യ വിശ്രമ കേന്ദ്രവും ഗുരുദ്വാരയും ഇവിടെയാണ്. മുസ്ലിം അധിനിവേശത്തിൽ മതപരിവർത്തനം ചെയ്യപ്പെട്ടവരും ഹിന്ദു മതാനുയായികളും ഒരുപോലെ ആരാധിച്ചിരുന്ന ആചാര്യനായിരുന്നു പീർ മുഹമ്മദ് എന്ന് കാലം രേഖപ്പെടുത്തിയിട്ടുണ്ട്. റെഫ്യൂജി എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിൽ ഭൂരിഭാഗവും ലൊക്കേഷനായി തെരഞ്ഞെടുത്തത് ലഖ്‍പത് ആയിരുന്നു. അപൂർവ്വം ചിത്രങ്ങൾ മാത്രമേ ഇവിടെ നിന്നും ഉണ്ടായിട്ടുള്ളൂ. ഇവിടയുള്ള ജലധാരയിലെ ജലം ഉപയോഗിച്ചാൽ വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾ പോലും മാറുമെന്നൊരു വിശ്വാസവും ഇവിടുത്തെ ജനങ്ങൾ പങ്കുവയ്ക്കുന്നു.ചരിത്രത്തിൽ ഏറെ ജ്വലിച്ചു നിന്നൊരു നഗരത്തിന്റെ സംശയന ഭൂമിയാണ് ഇവിടെ വരുന്ന കാഴ്ചക്കാരെ കാത്തിരിക്കുന്നത്. അന്വേഷിച്ചു ചെല്ലുന്നവർക്കു മുന്നിൽ കഥകളുമായി ലഖ്‍പതിലെ ഓരോ മൂലകളും കാത്തിരിക്കുന്നുണ്ട്. മരുഭൂമിയും കടലും നൽകുന്ന വ്യത്യസ്തമായ കാഴ്ചാനുഭവം നൽകുന്ന സുഖം പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ്. ഒരേ സമയം കടലിന്റെ വൈകാരികതയും മരുഭൂമിയുടെ നിസ്സംഗതയും ഈ നഗരം പേറുന്നു. വ്യത്യസ്തമായ സഞ്ചാരങ്ങൾ ആഘോഷിക്കുന്നവർക്ക് ലഖ്‌പത് പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നായി തീരും.
ഗുജറാത്ത് വിനോദ സഞ്ചാര വകുപ്പിന്റെ ഗസ്റ്റ് ഹൗസുകൾ ഉണ്ടെങ്കിലും ഒറ്റപ്പെട്ടതു പോലെയുള്ള ഇടങ്ങളിലെ രാത്രി താമസം അത്ര സുഖകരമാവില്ല. എന്നാൽ ഒരു പ്രേത നഗരത്തിലെ രാത്രിയെ അവിടെ നിന്ന് കൊണ്ട് തന്നെ നേരിടാൻ ചങ്കൂറ്റമുള്ളവർക്ക് അത് രസകരമായ അനുഭവവുമായിരിക്കും. ഗുരുദ്വാരയിൽ താമസസൗകര്യം ലഭ്യമാണ്. പുറത്തു താമസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് താമസം ഇവിടെയാകാം.ഭുജിൽ നിന്നും 125 കിലോമീറ്റർ അകലെയാണ് ലഖ്പത്. കച്ചിൽ നിന്നും 141 കിലോമീറ്റർ ദൂരവും. ഇരു സ്ഥലങ്ങളിൽ നിന്നും ലഖ്‍പതിലേക്ക് ബസ് സർവ്വീസുണ്ട്. ഭുജിൽ വിമാനമിറങ്ങാം. ട്രെയിനിൽ പോകാനാണെങ്കിൽ 120 കിലോമീറ്റർ അകലെയുള്ള ഗാന്ധിധാമിൽ ഇറങ്ങാം. തുടർന്ന് ടാക്സിയോ ബസോ ഒക്കെ തന്നെയാണ് ആശ്രയം.
STORY HIGHLLIGHTS: lakpath-the-ghost-town-of-gujarat