ന്യൂഡല്‍ഹി: എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്‍മാരേയും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 70 വയസ്സും അതിന് മുകളിലും പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
യോഗ്യരായ മുതിർന്ന പൗരന്മാർക്ക് പ്രത്യേകം ഇൻഷ്വറൻസ് കാർഡ് നൽകും. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ നിലവിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ഉണ്ടായിരിക്കും. അഞ്ച് ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല. സി.ജി.എച്ച്.എസ്, വിമുക്ത ഭടൻമാർക്കുള്ള ഇ.സി.എച്ച്.എസ്, സി.എ.പി.എഫ് തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിൽ അംഗമായ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് അവയിൽ തുടരുകയോ എ.ബി.പി.എം.ജെ.എ.വൈയിലേക്ക് മാറുകയോ ചെയ്യാം.
സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് പദ്ധതി തുടങ്ങിയവയിൽ അംഗമായവർക്കും പുതിയ പദ്ധതിക്ക് അർഹത.
ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ എ.ബി.പി.എം.ജെ.എ.വൈ 12.34 കോടി കുടുംബങ്ങളിലെ 55 കോടി വ്യക്തികൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ പരിരക്ഷ നൽകുന്നു.