സൗദിയിൽ ഹറമൈൻ ട്രെയിൻ പ്രവർത്തിപ്പിക്കുന്നതിന് യുവാക്കൾക്ക് പരിശീലനം നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു, ‘ഹറമൈൻ ട്രെയിൻ കണ്ടക്ടർ’ എന്ന പേരിലാണ് പരിശീലന പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സൗദി റെയിൽവേ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ് പരിശീലനം നൽകുന്നത്. മക്ക-മദീന പുണ്യനഗരികളെ ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് മെട്രോയാണ് ഹറമൈൻ മെട്രോ.
സൗദി റെയിൽവേ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ‘ സിർബ്’ന് കീഴിലാണ് പരിശീലന പരിപാടികൾ. സെപ്റ്റംബർ 10 മുതൽ സെപ്റ്റംബർ 23 വരെ സെർബിന്റെ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. മൂന്ന് മാസം ഇൻസ്റ്റിറ്റ്യൂട്ടിലും 9 മാസം പ്രായോഗിക പരിശീലനം ഹറമൈൻ പദ്ധതിയുടെ സൈറ്റുകളിലുമാണ് നൽകുക. സ്‌റ്റൈപ്പൻഡായി പരിശീലന സമയത്ത് 4000 സൗദി റിയാൽ ലഭിക്കും.
സൗദി പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാനാവു. ഹൈസ്‌കൂൾ 70% ഗ്രേഡോടെ പൂർത്തിയാക്കിയിരിക്കണം. 35 വയസ്സിൽ കൂടുതൽ പ്രായമുണ്ടാവരുത്, അഭിമുഖത്തിൽ വിജയിക്കണം എന്നിവയാണ് പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഹറമൈൻ മെട്രോയിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലിയിൽ പ്രവേശിക്കാം. 8000 മുതൽ മുകളിലോട്ടാണ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് ശമ്പളമായി ലഭിക്കുക.