ഉപഭോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കണമെന്ന് ജെറ്റ് സ്കീകളുടെയും വിനോദ മറൈൻ യൂണിറ്റുകളുടെയും ഉടമകളോടും ഓപ്പറേറ്റർമാരോടും ഗതാഗത, വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയം പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം ജെറ്റ് സ്കീകളും മറൈൻ സ്പോർട്സ് യൂണിറ്റുകളും ഓടിക്കാൻ അനുവദിക്കില്ലെന്നും ലൈഫ് ജാക്കറ്റും അടിയന്തിര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള സംവിധാനങ്ങൾ നൽകണമെന്നും മന്ത്രാലയം അറിയിച്ചു.
ഓപ്പറേറ്റർമാർ നിശ്ചയിച്ച സ്ഥലത്തിനപ്പുറം പോകരുത്. രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകണം. ഒരു സ്ഥലത്ത് പരമാവധി എട്ടു ബൈക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. വ്യക്തികളെ അപകടത്തിലാക്കുന്ന വിധത്തിൽ അതിന്റെ ഉപയോഗം നിരീക്ഷിക്കുകയും തടയുകയും ചെയ്യണം. ഏതെങ്കിലും റൈഡ് ആരംഭിക്കുന്നതിന് മുമ്പ് കാലാവസ്ഥാ പരിശോധിക്കണം. കൂടാതെ മുതിർന്നവർക്കൊപ്പമല്ലാതെ 16 വയസിന് താഴെയുള്ളവർക്ക് വാട്ടർ ബൈക്കുകളും വിനോദ മറൈൻ യുണിറ്റുകളും ഓടിക്കാൻ അനുവദിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.