തലക്കെട്ട് കണ്ട് ഞെട്ടിയോ !. എന്നാല്‍ ഞെട്ടണ്ട, കാര്യം സത്യമാണ്. KSRTCയില്‍ ‘പാമ്പുണ്ട്’. അത് മനുഷ്യനെ കൊത്തുന്ന പാമ്പല്ലെന്നു മാത്രം. ഈ ‘പാമ്പ്’ ജീവനക്കാര്‍ക്കെല്ലാം ഉപകാരം ചെയ്യുന്ന പാമ്പാണ്. യാത്രക്കാര്‍ക്ക് വലിയ ദോഷവും. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലെ ഒരു KSRTC ഡിപ്പോയിലാണ് ഈ പാമ്പ് ഇഴഞ്ഞു നടക്കുന്നത്. പാമ്പിന്റെ വാസസ്ഥലവും അതിനെ താലോലിക്കുന്നവരെയും കൃത്യമായി KSRTC അധികൃതര്‍ കണ്ടെത്തിയതോടെ പാമ്പിന്റെ ഓട്ടം നിന്നിട്ടുണ്ടെന്നാണ് വിവരം.
പ്രശസ്ത പാമ്പു പിടുത്തക്കാരന്‍ വാവ സുരേഷിനു പോലും മെരുക്കാന്‍ പറ്റാത്ത പാമ്പുകളാണ് KSRTCയിലുള്ളതെന്ന് വകുപ്പു മന്ത്രി ഗണേഷ്‌കുമാര്‍ പോലും സമ്മതിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് സ്ഥിരം പാമ്പുകളെയും, ഇടക്കിടയ്ക്ക് വരുന്ന പാമ്പുകളെയും മൊത്തമായും ചില്ലറയായും പിടിക്കാന്‍ ഗണേഷ്‌കുമാര്‍ തീരുമാനിച്ചത്. KSRTC ബസില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ജീവന് സുരക്ഷ ഒരുക്കുക കൂടിയാണ് ഇതിലൂടെ ചെയ്തത്. KSRTCയിലെ ‘പാമ്പ്’ എന്താണെന്നല്ലേ. വെള്ളമടിച്ച് പൂസായി ഡ്യൂട്ടിക്കെത്തുന്ന സ്ഥിരം ടാങ്കുകള്‍ KSRTCയിലുണ്ട്. ഇവര്‍ക്ക് കള്ളുകുടി എന്നത് ജീവിതമാണ്.
അതുകൊണ്ടു തന്നെ ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരുടെ ജീവനൊന്നും ഇത്തരം ടാങ്കുകള്‍ക്ക് പ്രശ്‌നമേയല്ല. മദ്യപിച്ച് ഡ്യൂട്ടിക്കു വരരുതെന്നു പറഞ്ഞാല്‍ കേള്‍ക്കാത്ത ഏമാന്‍മാര്‍ക്കുള്ള പണിയുമായി ഗണേഷ്‌കുമാര്‍ മന്ത്രി ഇറങ്ങിയതോടെ പാമ്പുകള്‍ക്ക് രക്ഷയില്ലാതായി. മര്യാദയ്ക്ക് രണ്ടെണ്ണം വീശിയിട്ട് ഡ്യൂട്ടിക്കു കയറാന്‍ അനുവദിക്കാത്ത മന്ത്രിയോടും, KSRTC അധികൃതരോടും മദ്യപന്‍മാര്‍ക്ക് കടുത്ത വിരോധം ഉടലെടുത്തു. എന്നാല്‍, യാത്രക്കാരുടെ ജീവന് വിലകല്‍പ്പിക്കുന്ന ജീവനക്കാര്‍ മന്ത്രിക്കൊപ്പം നിലയുറപ്പിച്ചു.
ഇതോടെ പാമ്പുകളെ(മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍) പിടിക്കാന്‍ ഡിപ്പോകളില്‍ ബ്രീത്ത് അനലൈസര്‍ പരിശോധനക്ക് തുടക്കമിട്ടു. ആദ്യമൊക്കെ വലിയ എതിര്‍പ്പുണ്ടായെങ്കിലും കുറച്ചു ദിവസം കഴിഞ്ഞതോടെ പരിശോധന നിത്യ സംഭവമായി. നിരന്തരം നടക്കുന്ന പരിശോധനകളില്‍ നിരവധി മദ്യപന്‍മാരായ ജീവനക്കാരെ കൈയ്യോടെയും അല്ലാതെയുമൊക്കെ പിടികൂടി. ചിലരെ ശാസിച്ചു, ചിലര്‍ക്ക് പണിഷ്‌മെന്റ് നല്‍കി, ചിലരെ തത്ക്കാലം ജോലിയില്‍ നിന്നുമാറ്റി നിര്‍ത്തിയുമൊക്കെ ശിക്ഷാ നടപടികളും തുടരുകയാണ്.
രാവിലെ ഡ്യൂട്ടിക്ക് കയറാന്‍ എത്തുമ്പോഴാണ് ബ്രീത്ത് അലൈസര്‍ ടെസ്റ്റ് നടത്തുന്നത്. ഓരോ ഡിപ്പോയിലും ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് പ്രത്യേക സമയങ്ങളില്‍ നടത്തുകയാണ് പതിവ്. KSRTCയില്‍ മദ്യപിച്ച് പാമ്പായി ഡ്യൂട്ടിക്കെത്തുന്നവരെ പിടിക്കാന്‍ ബ്രീത്ത് അലൈസര്‍ ടെസ്റ്റ് നടത്തി തുടങ്ങിയപ്പോള്‍ മദ്യപന്‍മാരുടെ എണ്ണം കുറഞ്ഞെന്നാണ് മന്ത്രി ഗണേഷ്‌കുമാര്‍ പറയുന്നത്. മാത്രമല്ല, ബസ് അപകടങ്ങളിലും കുറവുണ്ടായിട്ടുണ്ട്. എല്ലാ ഡിപ്പോയിലും കൃത്യസമയത്ത് ഡ്യൂട്ടിക്കെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഇങ്ങനെ പോസിറ്റീവായ മാറ്റങ്ങള്‍ക്കാണ് ബ്രീത്ത് അനലൈസര്‍ ഉപകരിച്ചതെന്ന വിലയിരുത്തലും ഉണ്ടായി.
എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് KSRTCയിലെ യഥാര്‍ഥ ‘പാമ്പ്’ പറയുന്നത്. ‘പാമ്പ്’എന്നത് ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പാണ്. ഡ്യൂട്ടിക്ക് കയറുന്നവര്‍ക്ക് ബ്രീത്ത് അനലൈസര്‍ ടെസ്റ്റുണ്ടോ എന്ന് മുന്നറിയിപ്പു നല്‍കാനാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഈ ഗ്രൂപ്പ് നോക്കിയിട്ടാണ് ഗ്രൂപ്പിലെ അംഗങ്ങള്‍ വെള്ളമടി ക്രമീകരിക്കുന്നത്. കൃത്യമായ വിവരങ്ങള്‍ വിനിമയം നടത്തുന്നതു വഴി ഡിപ്പോയിലെ മദ്യപന്‍മാരുടെ എണ്ണം കുറഞ്ഞിരിക്കുകയും, എന്നാല്‍, വെള്ളമടിക്ക് ഒരു കുറവും വരുത്താതിരിക്കുകയും ചെയ്യുകയാണ് ഇവര്‍.
മദ്യപാനത്തിനും, മദ്യപിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും പ്രത്യേകം ഗ്രൂപ്പ് നടത്തുന്ന വിവരം വളരെ വൈകിയാണെങ്കിലും KSRTC അധികൃതര്‍ അറിഞ്ഞിരിക്കുകയാണ്. ഇതോടെ വാട്‌സാപ്പ് പാമ്പിനെതിരേ കര്‍ശന നടപടി എടുക്കാന്‍ അധികൃതര്‍ ഒരുങ്ങുകയാണ്. വാട്‌സാപ്പ് അഡ്മിന്‍മാരും, അതിലെ അംഗങ്ങളുമെല്ലാം ഇതോടെ കുടുങ്ങും. നല്ലൊരോണക്കാലത്ത് ശമ്പളമോ ഉത്സവബത്തയോ അഡ്വാന്‍സോ കിട്ടാതെ മാനസികമായി തളര്‍ന്നിരിക്കുന്ന ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്നതാണ് മനുഷ്യത്വം എന്നറിയാമെങ്കിലും.
ഇക്കാര്യത്തില്‍ യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം. അതുകൊണ്ട് ഇത്തരം കുത്സിത പ്രവൃത്തികള്‍ പൊതു ഗതാഗത സംവിധാനത്തില്‍ അനുവദിക്കാനാവാത്തതാണ്. ഇതിനെതിരേ കര്‍ശ നടപടി തന്നെ എടുക്കണം. ഒരാളുടെ വ്യക്തപരമായ പ്രവൃത്തികൊണ്ട് സമൂഹത്തിന് ദോഷമുണ്ടാകുമെന്നു കണ്ടാല്‍, ആ വ്യക്തിയാണ് മാറേണ്ടത്, അല്ലാതെ സമൂഹമല്ല. മദ്യപിക്കുന്നതിനെ ആരും തടയില്ല, പകഷെ, മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുമ്പോള്‍ നിങ്ങള്‍ ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത കുറ്റമാകും.
അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും, അവരെ സംരക്ഷിക്കുകയും ചെയ്യുന്നത് അതിനേക്കാള്‍ വലിയ തെറ്റാണ്. പക്ഷെ, ഇക്കാരണങ്ങള്‍ കൊണ്ടൊന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതിരിക്കുന്നതിനെ ന്യായീകരിക്കില്ല. ഇന്ന് വൈകിട്ടോടെ എങ്കിലും ശമ്പളം ലഭിക്കുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടവും. നാലുമണിയോടെ ശമ്പളം അക്കൗണ്ടുകളില്‍ വരുമെന്ന് ചീഫ് ഓഫീസിനു പുറത്തുനിന്നും കിട്ടിയ വിവരം പങ്കുവെയ്ക്കുമ്പോള്‍, അത് സത്യമായിരിക്കണേ എന്നാണ് ഓരോ KSRTC തൊഴിലാളികളും (KSRTCയിലെ വിവിധ തൊഴിലാളി യൂണിയനുകളിലെ അംഗങ്ങള്‍) പ്രാര്‍ത്ഥിക്കുന്നത്.
CONTENT HIGHLIGHTS; ‘Snake’ With Warning In KSRTC: Best Idea To Pass Breathalyzer Test (Exclusive)