മുഖ്യമന്ത്രിയെക്കൊണ്ട് ഉടന്‍ നടപടിയെടുപ്പിക്കുമെന്നു വീമ്പടിച്ചുപോയ സി.പി.ഐ പിണറായിയെ കണ്ടതോടെ മുട്ടിടിച്ചു നിലപാട് മാറ്റിയെന്ന് ആക്ഷേപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം രമേശ് ചെന്നിത്തല. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പത്രക്കാരെ കാണുമ്പോഴുള്ള ആവേശവും നിലപാടും പിണറായി വിജയനെ കാണുമ്പോഴില്ല. ഇത്ര നാണം കെട്ട് എല്‍.ഡി.എഫ് സംവിധാനത്തില്‍ തുടരുന്നതു സി.പി.ഐയുടെ ഗതികേടു കൊണ്ടാണ്. ADGPക്കെതിരെ ചെറുവിരലനക്കിക്കാന്‍ മൊത്തം എല്‍.ഡി.എഫ് സംവിധാനം വിചാരിച്ചിട്ടും സാധിച്ചില്ല.
മുഖ്യമന്ത്രിക്കു മേല്‍ എല്‍.ഡി.എഫിനേക്കാള്‍ സ്വാധീനമാണ് ADGPക്കുള്ളതെന്നാണ് ഇത് തെളിയിക്കുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു. ഈ സ്വാധീനത്തിന്റെ പിന്നിലെ രഹസ്യമറിയാന്‍ കേരള ജനതയ്ക്കു താല്‍പര്യമുണ്ട്. ഇത്ര വലിയ ബ്ളാക്ക് മെയിലിങിനു മുഖ്യമന്ത്രി വിധേയനാകുന്നതിന്റെ കാരണം വ്യക്തമാക്കണം. സി.പി.എമ്മിനും സി.പി.ഐയ്ക്കും പിണറായി വിജയനെ ഭയമാണ്. സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാര്‍ക്കുള്ള ധൈര്യം പോലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനില്ല.
ബ്രാഞ്ച് സെക്രട്ടറിമാര്‍ പോലും പിണറായി വിജയനെതിരെ സംസാരിക്കുമ്പോള്‍ വെറുമൊരു റാന്‍മൂളി ആയി മാറിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരളത്തില്‍ ഇപ്പോള്‍ സി.പി.എം ഇല്ല. പിണറായി ഭക്തര്‍ മാത്രമേയുള്ളൂ. പിണറായിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന മലപ്പുറം സ്ഥലംമാറ്റ ഡീലോടു കൂടി അന്‍വര്‍ ഏറെക്കുറെ ഒതുങ്ങിയെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.
അതേസമയം, സര്‍വ്വകലാശാലാ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിച്ച എസ്എഫ്ഐക്കാരെ ചെറുത്ത കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്ത പൊലീസ് നടപടി അപഹാസ്യമാണ്. അക്രമം നടത്തിയ എസ്.എഫ്.ഐയ്ക്കെതിരെ കേസ് എടുക്കാന്‍ പോലീസിന് ധൈര്യമില്ല. പോലീസ് സേനയുടെ ആത്മവീര്യം തന്നെ തകര്‍ന്നിരിക്കുന്നു. എസ്.എഫ്.ഐ ആക്രമണം ചെറുത്ത കെ.എസ്.യുവിന്റെ ചുണക്കുട്ടികള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ചൊക്രമുടിമലയില്‍ നടന്ന റവന്യൂ ഭൂമി കയ്യേറ്റ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ഇടുക്കി ജില്ലാ കലക്ടറുടെ നടപടി സ്വാഗതാര്‍ഹമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് താന്‍ ചൊക്രമുടി മല സന്ദര്‍ശിച്ച് കയ്യേറ്റത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അനധികൃത പട്ടയങ്ങള്‍ റദ്ദാക്കണമെന്നും കയ്യേറ്റക്കാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
ഇവിടെ ഇരുന്നൂറോളം ദളിത് ആദിവാസി കുടുംബങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. കളക്ടറുടെ അന്വേഷണപരിധിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് മാത്രമല്ല, സി.പി.ഐ നേതൃത്വത്തിന്റെ പങ്കും ഉള്‍പ്പെടുത്തണം. റവന്യൂ മന്ത്രിയും ഈ കയ്യേറ്റത്തിന് ഉത്തരവാദിയാണ്. സിപിഐയിലെ ഉന്നതരുടെ പങ്കും പണം കൊടുത്താല്‍ പട്ടയം ഒപ്പിച്ചു കൊടുക്കുന്ന മാഫിയയുടെ പങ്കും പുറത്തു കൊണ്ടുവരണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സംസ്ഥാന വ്യാപമായി നടക്കുന്ന ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അനധികൃത പട്ടയം റദ്ദാക്കുകയും അനധികൃതമായി കയ്യേറിയ ഭൂമി തിരിച്ചെടുക്കുകയും വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
CONTENT HIGHLIGHTS; CPI will be shocked to see Pinaria: Chennithala alleges that staying in LDF is due to lack of momentum