പൂര്‍ണ്ണമായും സര്‍ക്കാര്‍ സ്ഥാപനമായിരുന്ന വൈദ്യുതി ബോര്‍ഡിനെ കേന്ദ്ര നിയമപ്രകാരം 2013 നവംബര്‍ ഒന്നുമുതല്‍ കമ്പനിയാക്കി മാറ്റിയപ്പോള്‍ അതുവരെ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന അവകാശ ആനുകൂല്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള കരാര്‍, ബോര്‍ഡിലെ സംഘടനകളും ബോര്‍ഡ് മാനേജ്‌മെന്റും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്നുണ്ടാക്കിയിരുന്നു. ഈ തൃകക്ഷികരാര്‍ വ്യവസ്ഥകള്‍ 2013 ഒക്ടോബര്‍ 31ലെ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്റെ ഭാഗമാക്കുകയും ചെയ്തു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയെടുക്കുന്നവര്‍ പിരിഞ്ഞ് പോകുമ്പോഴുള്ള പെന്‍ഷന്‍ വ്യവസ്ഥകള്‍ അതുവരെ കെ.എസ്.ഇ.ബി.യില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ബാധകമാണ് എന്നതാണ് അതിലെ ഒരു പ്രധാന ഭാഗം.
അത് തുടര്‍ന്നും ലഭിക്കുന്നമെന്നുറപ്പിക്കുന്ന വ്യവസ്ഥകളും അതിനായുള്ള സംവിധാനങ്ങള്‍ എന്തായിരിക്കണമെന്നും കൃത്യമായി നിര്‍വചിച്ചുകൊണ്ട് തീരുമാനങ്ങളെടുത്തു. എന്നാല്‍ അതില്‍ വെള്ളം ചേര്‍ത്ത് കരാര്‍ വ്യവസ്ഥകള്‍ തന്നെ ലംഘിക്കാനുമുള്ള ശ്രമങ്ങളാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തി ക്കൊണ്ടിരിക്കുന്നത്. പെന്‍ഷന്‍കാരുടെ പ്രതിനിധികള്‍ എന്നവകാശപ്പെട്ട് ഏതോ കുറെ ആളുകള്‍ കോടതിയില്‍ കേസിന് പോയ മറവിലാണ് ഇപ്പോഴത്തെ പുതിയ ആക്രമണം. പെന്‍ഷന്‍കാരിലുള്ള ആശങ്ക വര്‍ദ്ധിപ്പിച്ച് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടണം എന്ന ഉദ്ദേശമാണോ ഇതിനു പിന്നിലുള്ളത് എന്ന് സംശയിക്കണം.
2013 ഒക്ടോബര്‍ 31 വരെ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് നിയമാനുസൃതമുള്ള പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. പവര്‍സെക്രട്ടറി 2024 സെപ്ചംബര്‍ 6ന് ഇറക്കിയിരിക്കുന്ന ഉത്തരവ് ഇതില്‍ നിന്നുള്ള പിന്‍മാറ്റമാണ്. ഇത് പവര്‍സെക്രട്ടറിക്ക് മാത്രമായി തീരുമാനിക്കാവുന്ന കാര്യമല്ല. ധനകാര്യവകുപ്പിനും പൊതുഭരണ വകുപ്പുകള്‍ക്കുമെല്ലാം ഉത്തരവാദിത്വമുണ്ട്. മന്ത്രിസഭ തന്നെ തീരുമാനിക്കേണ്ട വിഷയങ്ങളാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. വൈദ്യുതി വകുപ്പ് മന്ത്രിതന്നെ ഈ ഉത്തരവിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. അദ്ദേഹം കഴിഞ്ഞ ദിവസം പെന്‍ഷനേഴ്‌സ് അാേസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ ഇപ്രകാരമുള്ള സൂചനയല്ല നല്‍കിയത്.
മാത്രമല്ല തൊഴില്‍ നിയമങ്ങളുടെ സംരക്ഷണമുള്ള ട്രേഡ് യൂണിയനുകളുമായുള്ള കരാറുകളുടെ ലംഘനവുമാണ്. ഇതെല്ലാം ഏകപക്ഷീയമായി റദ്ദാക്കാനോ നിഷേധിക്കാനോ പവര്‍ ഡിപ്പാര്‍ട്‌മെന്റിനോ പവര്‍സെക്രട്ടറിക്കോ അധികാരമില്ല. ഇത് സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കു വിരുദ്ധവുമാണ്. നിരുത്തരവാദപരമായി ഇറക്കിയിരിക്കുന്ന ഇപ്പോഴത്തെ ഈ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിക്കണമെന്നും വൈദ്യുതി മേഖലയിലെ പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റു പെന്‍ഷന്‍ ഫണ്ടുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയങ്ങള്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നും KSEB പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.
CONTENT HIGHLIGHTS;Power Secretary’s order encouraging pensioners to commit suicide should be withdrawn: KSEB Pensioners’ Association