തമിഴ്നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് തിരുനെൽവേലി ക്ഷേത്രം. താമിരഭരണി നദീതീരത്ത് പതിന്നാല് ഏക്കറിലാണ് ഈ അഞ്ചു ഗോപുരങ്ങളുള്ള ബൃഹദ്നിർമ്മിതി കാണാൻ സാധിക്കുന്നത്. നെല്ലയ്യപ്പർ ക്ഷേത്രമെന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പരമശിവനാണ് നെല്ലായപ്പർ. ശരിക്കും ഇത് ഇരട്ടക്ഷേത്രങ്ങൾ ചേർന്നതാണ്. പാർവ്വതിദേവിയുടെ ക്ഷേത്രവും ഇതോടൊപ്പമുണ്ട്. ദേവി ഇവിടെ ഗാന്ധിമതി അംബാൾ ആണ്, തമിഴർക്ക് കാന്തിമതി അമ്മൻ. ലോകരക്ഷക്കായി ഗാന്ധിമതിദേവി ശിവനെ തപസ്സു ചെയ്തത് ഇവിടെയാണ്. ഉമാദേവി കബിലൈ കുന്നിൽനിന്ന് പുറപ്പെട്ട്, വേണുവനത്ത് എത്തി രണ്ടളവിലുള്ള നെല്ല് ദാനധർമ്മത്തിനായി വാങ്ങി, കമ്പനദീതീരത്തിരുന്ന് ധ്യാനിച്ച് ശിവദർശനം നേടി. ഭക്തിയിൽ പ്രീതനായി ഭഗവാൻ ദേവിയെ വിവാഹംകഴിച്ചു. ഭഗവാനും അംബാളും ചേർന്ന് ലൗകികജീവിതത്തിൻ്റെ സുഖമറിഞ്ഞ ഇടമാണിതെന്നാണ് ഇവിടുത്തെ വിശ്വാസം.
ശിവലിംഗത്തോടൊപ്പം ശയിക്കുന്ന മഹാവിഷ്ണുവും ശ്രീകോവിലിലുണ്ട് എന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. വിഷ്ണുഭഗവാൻ ഇവിടെ നെല്ലയ് ഗോവിന്ദരാണ്. ശിവ-പാർവ്വതി പരിണയത്തിൽ മഹാവിഷ്ണു പങ്കെടുത്തതായാണ് ഐതീഹ്യം.
തിരുനെൽവേലിയെന്ന പേരിലുമുണ്ട് ഒരു ഐതീഹ്യം. ശിവന് നൈവേദ്യമർപ്പിക്കാൻ വേദശർമ്മ എന്ന ശിവഭക്തൻ ഭിക്ഷയാചിച്ച് നെല്ലുശേഖരിച്ചു. നിർഭാഗ്യവശാൽ ഗ്രാമത്തിൽ കനത്തമഴപെയ്ത് വെള്ളംപൊങ്ങി. ഭക്തൻ തൻ്റെ നെല്ലുസംരക്ഷിക്കാനായി പരമശിവനോട് ഉള്ളുരുകി പ്രാർത്ഥിച്ചു. പ്രാർത്ഥനകേട്ട ഭഗവാൻ ദിവ്യശക്തിയാൽ മഴയിൽനിന്ന് നെല്ല് വേലികെട്ടി കാത്തു. അതോടെ ഇവിടെ പരമശിവൻ നെൽവേലിനാഥർ എന്ന് വിളിക്കപ്പെട്ടു. അതോടെയാണ് ഈ സ്ഥലം തിരുനെൽവേലി എന്നറിയപ്പെട്ടതത്രെ. പരമശിവൻ മുളങ്കാടുകൾക്കിടയിൽ പ്രത്യക്ഷനായതിനാൽ വേണുവനനാഥൻ എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിനുള്ളിൽ മുളങ്കാടുകൾ ഇന്നുംകാണാം.
ഏഴാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാക്കൻമാരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ആയിരക്കണക്കിന് ഒറ്റക്കൽപ്പാറകളാൽ തൂണുകളും തറയും മേൽക്കൂരയുമൊക്കെ അക്കാലത്ത് നിർമ്മിച്ചിരിക്കുന്നത് അത്ഭുതകരമാണ്.
ആയിരം കൽതൂണുകളുള്ള ആയിരം കാൽമണ്ഡപമാണ് ഏറ്റവും മനോഹരം. 96 തൂണുകളുള്ള ഊഞ്ഞാൽ മണ്ഡപത്തിലാണ് പാർവ്വതീദേവി മക്കളെ താരാട്ടി. 76 തൂണുകളുള്ള സോമവാര മണ്ഡപത്തിലാണ് നവരാത്രി പൂജകൾ നടത്തുന്നത്. ശിവ-പാർവ്വതിക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന ചങ്ങല മണ്ഡപമാണ് പൂന്തോട്ടത്താൽ മനോഹരമായ മറ്റൊന്ന്. മേൽക്കൂരയിൽ മണിയുള്ള മണിമണ്ഡപം മറ്റൊരു അൽഭുതനിർമ്മിതിയാണ്. തട്ടിയാൽ സപ്തസ്വരങ്ങൾ പൊഴിയുന്ന കൽത്തൂണുകളാണിവിടെയുള്ളത്. മരങ്ങളാൽചുറ്റപ്പെട്ട 100 തൂണുകളുള്ള വസന്തമണ്ഡപത്തിലാണ് ഉൽസവം നടക്കുന്നത്. പഞ്ചരഥങ്ങൾ മറ്റൊരു കാഴച. ഇവിടെയാണ് ശിവൻ ബ്രഹ്മനടനം ആടിയത്. കലയുടെയും സംഗീതത്തിൻ്റെയും ഈറ്റില്ലമാണ് ഈ ക്ഷേത്രസമുച്ചയം. ശിവപാർവ്വതി ഭക്തർക്കും കലോപാസകർക്കും പുരാണകഥകളിലൊക്കെ താൽപ്പര്യമുള്ളവർക്കും പിന്നെ ചരിത്രത്തിലും പൗരാണിക ആർക്കിടെക്ചറിലും ഹരമുള്ളവർക്കും ഇതൊന്നുമില്ലാത്ത സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാകും തിരുനെൽവേലി ക്ഷേത്രം.
Story Highlights ; Thirunelveli temple