India

JNUവിലെ തീപ്പൊരി SFIക്കാരന്‍: ഇന്ദിരാഗാന്ധിയെ വിറപ്പിച്ച യച്ചൂരി

EMSന്റെ വാക്കുകള്‍ അനുസരിച്ച സഖാവ്

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ തീപ്പൊരി വിദ്യാര്‍ത്ഥി നേതാവായിരുന്ന സീതാറാം യച്ചൂരിയെ ഇന്നും ആ കലാലയം ഓര്‍ക്കുന്നുണ്ടാകും. വിദ്യാര്‍ത്ഥി സമരങ്ങളില്‍ ശുഭ്രപതാകയുമേന്തി സര്‍വ്വകലാശാലയുടെ വാരാന്തകളില്‍ മുദ്രാവാക്യങ്ങളും വിപ്ലവ ചിന്തകളും നിറച്ച നേതാവ്. യച്ചൂരിയുടെ വിദ്യാഭ്യാസ കാലഘട്ടം സംഘര്ഷ കലുഷിതമായിരുന്നുവെന്നാണ് പഴയ സഖാക്കള്‍ ഓര്‍ത്തെടുക്കുന്നത്. ആദ്യമായി സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ യച്ചൂരിക്ക് വയസ്സ് 34. അന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസിനെ പാര്‍ട്ടി കോണ്‍ഗ്രസിനിടെ നേരിട്ടുകണ്ട് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പക്വത തനിക്കായിട്ടില്ലെന്നായിരുന്നു യച്ചൂരിയുടെ നിലപാട്.

പക്ഷെ, ഇ.എം.എസിന്റെ മറുപടി മറ്റൊന്നായിരുന്നു. സി.പി.എം ഒരു കേന്ദ്രീകൃത ജനാധിപത്യമുള്ള പാര്‍ട്ടിയാണെന്നും കമ്മിറ്റി തീരുമാനങ്ങള്‍ അംഗങ്ങള്‍ അനുസരിക്കുകയാണ് വേണ്ടതെന്നും ആയിരുന്നു മറുപടി. ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു പിന്നീട് യച്ചൂരി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നിട്ടും JNUവിലെ ആ പഴയ SFIക്കാരന്റെ ഉള്ളിലെ തീ അദ്ദേഹം കെടാതെ സൂക്ഷിച്ചു. അടിയന്തരാവസ്ഥയിലെ ആ തീച്ചൂടാണ് യച്ചൂരിയിലെ കമ്മ്യൂണിസ്റ്റിനെ സ്ഫുടം ചെയ്‌തെടുത്തത്. JNUവിലെ വദ്യാര്‍ഥി യൂണിയന്‍ മുതല്‍ പ്രതിസന്ധികളുടെ നാളുകളിലെ സി.പി.എം ജനറല്‍ സെക്രട്ടറി വരെ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളില്ലൊം സീതാറാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍, സംഘാടകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ജനകീയന്‍, സഖാവ് ഇതെല്ലാമായിരുന്നു യെച്ചൂരി. രാജ്യം ഏറ്റവും സങ്കീര്‍ണമായ രാഷ്ട്രീയ അന്തരീക്ഷത്തിലൂടെ കടന്നുപോയ 1977 കാലഘട്ടത്തില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധി പരാജയപ്പെട്ടു. പലവിധ എതിര്‍പ്പുകള്‍ക്കുമിടയില്‍ ഒരുസംഘം JNUവിദ്യാര്‍ഥികള്‍ ഇന്ദിരാ ഗാന്ധിയുടെ വസതിയിലേക്ക് അന്ന് മാര്‍ച്ചു ചെയ്തു. ‘അടിയന്തരാവസ്ഥയുടെ ക്രിമിനലുകള്‍’ എന്ന് സധൈര്യം ആ വിദ്യാര്‍ത്ഥികള്‍ അധികാരികളെ നോക്കി മുദ്രാവാക്യം വിളിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഇന്ദിര ഗാന്ധി പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങിവന്നു. അടിയന്തരാവസ്ഥ കാലത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഓം മേത്തയുള്‍പ്പടെയുള്ളവരും ഇന്ദിരയോടൊപ്പമുണ്ടായിരുന്നു.

വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളി നിര്‍ത്തി. ഇന്ദിരയ്ക്കു മുന്നിലേക്ക് ചെന്നത്, കുര്‍ത്ത ധരിച്ച് പാറിപ്പറന്ന മുടിയുള്ള ഒരു വിദ്യാര്‍ഥി നേതാവായിരുന്നു. പേര് സീതാറാം യച്ചൂരി. തങ്ങളുടെ ആവശ്യങ്ങള്‍ എഴുതിക്കൊണ്ടുവന്ന മെമ്മോറാണ്ടം അയാള്‍ ഉറക്കെ വായിച്ചു. അതില്‍ ആദ്യഭാഗത്ത് അടിയന്തരാവസ്ഥക്കാലത്തു ജനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ ക്രൂരതകളായിരുന്നു വിവരിച്ചത്. അതോടെ ഇന്ദിരയുടെ മുഖത്തെ ചിരി മാഞ്ഞു. വായന പൂര്‍ത്തിയാക്കുമുമ്പ് അവര്‍ മടങ്ങി. എന്നാല്‍ പ്രതിഷേധം അടങ്ങിയില്ല. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷവും സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തു ഇന്ദിരാഗാന്ധി തുടര്‍ന്നതില്‍ പ്രതിഷേധിച്ചായിരുന്നു അന്നത്തെ പ്രതിഷേധം. പിറ്റേന്ന് ഇന്ദിര രാജിവച്ചു. രാജ്യത്തെ വിദ്യാര്‍ഥി മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായിരുന്നു അത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തയായിരുന്ന ഒരു മുന്‍പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി അടിയന്തരാവസ്ഥയുടെ ക്രൂരതകളെ കുറിച്ച് പ്രസംഗിച്ച ആ വിദ്യാര്‍ഥി നേതാവിന്റെ പേര് സീതാറാം യെച്ചൂരിയെന്നാണ്.

 

CONTENT HIGHLIGHTS; JNU’s firebrand SFI: Yachuri who shook Indira Gandhi