India

ബ്രാഹ്‌മണ്യത്തില്‍ നിന്നും കമ്യൂണിസത്തിലേക്ക്: യച്ചൂരിയുടെ ഗണിതശാസ്ത്രം ഒടുവില്‍ CPMനൊപ്പം

കറതീര്‍ന്ന കമ്യൂണിസ്റ്റുകാരനായിരുന്നു സീതാറാം യച്ചൂരി. എന്നാല്‍, ഏതു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചു കറതീര്‍ന്ന ജ്ഞാനിയും. മതവഴികളിലൂടെ ആദ്യം കൈപിടിച്ചു നടത്തിയത് അച്ഛനാണ്. ചെറുപ്പത്തിലേ ഇന്ത്യയിലെ എല്ലാ പ്രധാന ആരാധനാലയങ്ങളും സന്ദര്‍ശിച്ചു. പതിനൊന്നാം വയസ്സില്‍ ഉപനയനം. അഷ്ടാവധാനലു എന്ന ആ ശിക്ഷണ രീതിയുടെ ഭാഗമായി 8 വേദപണ്ഡിതമാര്‍ നിരന്നിരുന്ന് ഒരു മണിക്കൂര്‍ ചോദ്യങ്ങള്‍ ചോദിക്കും. ഈ സമയത്തിനിടെ എത്ര തവണ മണിമുഴങ്ങി എന്ന ചോദ്യത്തിനും കൂടി കൃത്യമായ മറുപടി പറയുമ്പോഴാണു വിജയിക്കുക. ഒരേ സമയം പല വിഷയങ്ങളില്‍ ശ്രദ്ധിക്കാനും മനസ്സിന്റെ ജാഗ്രത കൈവിടാതെ സൂക്ഷിക്കാനും ഈ പരിശീലനം ജീവിതകാലം മുഴുവന്‍ യച്ചൂരിക്കു തുണയായി.

പേരില്‍നിന്നു ജാതിവാല്‍ മുറിച്ചുമാറ്റി സീതാറാം യച്ചൂരിയെന്ന കമ്യൂണിസ്റ്റാകാന്‍ കാലം കാത്തു വെച്ചിരുന്നു. യച്ചൂരി സീതാരാമ റാവു എന്ന ബാബുവിന്റെ മതേതരത്വ ബോധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു പിന്നീടുള്ള കാലമത്രയും. മകന്‍ പഠിച്ച് എന്‍ജിനീയറാവണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഡോക്ടറാവണമെന്ന് അമ്മയും ആഗ്രഹിച്ചു. അമ്മയുടെ സഹോദരനെപ്പോലെ ഐ.എ.എസുകാരന്‍ ആവണമെന്നു മുത്തച്ഛനും. പക്ഷെ, തന്റെ ഇഷ്ടം എക്കണോമിക്സ് പഠിക്കാനായിരുന്നു. ആ പഠനകാലമാണ് എല്ലാവരുടെയും കണക്കുകൂട്ടലുകളും തെറ്റിച്ചത്. ജീവിതത്തില്‍ കമ്യൂണിസത്തിന്റെ കണക്കാണ് യച്ചൂരിക്ക അനുയോജ്യമായതെന്ന തിരിച്ചറിവും അവിടുന്നുണ്ടായി.

വൈദേഹി ബ്രാഹ്‌മണരായ സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണു യച്ചൂരി ജനിച്ചത്. അച്ഛന്റെ അച്ഛന്‍ യച്ചൂരി സീതാരാമ റാവു ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരിയില്‍ തഹസില്‍ദാരായിരുന്നു. അമ്മയുടെ അച്ഛന്‍ കന്ധ ഭീമ ശങ്കരറാം ചെന്നൈയില്‍ നിയമം പഠിച്ച്, മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി, പിന്നീട് ആന്ധ്ര ഹൈക്കോടതിയില്‍ ജഡ്ജിയും. ഗുണ്ടൂരില്‍ പ്രവര്‍ത്തിച്ച ഹൈക്കോടതി പിന്നീടു ഹൈദരാബാദിലേക്കു മാറി. അങ്ങനെ ഹൈദരാബാദിലാണു യച്ചൂരി സ്‌കൂള്‍ പഠനം തുടങ്ങിയത്.

ആന്ധ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്ന അച്ഛന്റെ സ്ഥലംമാറ്റങ്ങള്‍ക്കൊപ്പം സ്‌കൂളുകളും മാറി. വിജയവാഡയില്‍ റയില്‍വേ സ്‌കൂളിലും ഹൈദരാബാദിലെ ഓള്‍ സെയിന്റ്സ് സ്‌കൂളിലും പഠിച്ചു. ഹൈദരാബാദിലെ നൈസാം കോളജില്‍ ഒന്നാം വര്‍ഷ പിയുസിക്കു പഠിക്കുമ്പോഴായിരുന്നു തെലങ്കാന പ്രക്ഷോഭം. ആന്ധ്രയിലെപോലെ കേന്ദ്രത്തിലും ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഉണ്ടാക്കാന്‍ സോമയാജലുവിനെ കേന്ദ്രം ക്ഷണിച്ചു. കുടുംബസമേതം സോമയാജലു ഡല്‍ഹിക്ക്. അവിടെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളില്‍ യച്ചൂരി ഹയര്‍ സെക്കന്‍ഡറി കോഴ്സില്‍ ശാസ്ത്ര വിഷയങ്ങളും കണക്കും പഠിച്ചു. ഓള്‍ ഇന്ത്യ ഫസ്റ്റ് റാങ്കും നേടി.

സെന്റ് സ്റ്റീഫന്‍സിലാണു യച്ചൂരി ഇക്കണോമിക്‌സ് ബിരുദപഠനത്തിന് ചേര്‍ന്നത്. സ്റ്റീഫന്‍സിന്റെ ഭിത്തിയിലാണ് എസ്എഫ്ഐ രൂപീകരണത്തിന്റെ പോസ്റ്റര്‍ യച്ചൂരി വായിച്ചതും. നേരത്തേ ഒസ്മാനിയ സര്‍വകലാശാലയില്‍ ജോര്‍ജ് റെഡ്ഡിയുടെ പ്രസംഗങ്ങള്‍ കേട്ടിട്ടുള്ളതല്ലാതെ, രാഷ്ട്രീയവും കമ്യൂണിസവും പരിചയമില്ലായിരുന്നു. സ്റ്റീഫന്‍സിലെ അധ്യാപകന്‍ പങ്കജ് ഗാംഗുലി മാര്‍ക്സിസ്റ്റ് തത്വശാസ്ത്രത്തിലേക്കു കൈപിടിച്ചു. ബിരുദം ഒന്നാം ക്ലാസോടെ പാസായ യച്ചൂരി ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ തുടര്‍പഠനത്തിനെത്തി. 150 വിദ്യാര്‍ഥികളുള്ള ക്ലാസും മൈക്കിലൂടെ സംസാരിക്കുന്ന അധ്യാപകരെയും കണ്ടപ്പോള്‍ മടുപ്പായി. അങ്ങനെയാണു ജെഎന്‍യുവില്‍ അപേക്ഷിച്ചത്. അവിടെ എംഎ ഇക്കണോമിക്‌സിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥിയായി.

 

CONTENT HIGHLIGHTS; From Brahminism to Communism: Yachuri’s Mathematics Finally with CPM