ആകാശത്തിനു താഴെയുള്ള എന്തുകാര്യം പറഞ്ഞാലും ഒരാള്‍ക്കും മനസ്സിലാവാത്ത വിധം താത്വികമായി അവലോകനം ചെയ്യുന്ന ഇടതു നേതാക്കളുടെ ഇടയില്‍ സീതാറാം യച്ചൂരി ഒരു അഴശബ്ദം തന്നെയാണ്. കാരണം, സാധാരണക്കാരനു പോലും മനസ്സിലാക്കുന്ന തരിത്തില്‍ വളച്ചുകെട്ടില്ലാതെ, താത്വികമായി അവലോകനം ചെയ്യാതെ കാര്യങ്ങള്‍ വിശദീകരിക്കും. കഴിയുമെങ്കില്‍ കുറഞ്ഞ വാക്കുകളില്‍ മാത്രം. ഇതാണ് ഒരു കമ്യൂണിസ്റ്റുകാരന് വേണ്ടുന്ന ആദ്യത്തെ ഗുണം. അത്തരം ഗുണഗണങ്ങള്‍ ഇല്ലാത്തവരാണ് ഇപ്പോഴുള്ള നേതാക്കളെന്ന് പറയാതെ വയ്യ. എല്ലാവരുമല്ലെങ്കിലും ഉള്ളതില്‍ പാതിയും അങ്ങനെതന്നെയാണ്. അതുകൊണ്ടാണ് വി.എസ്. അച്യുതാനന്ദന് സീതാറാം യച്ചൂരി വളരെ പ്രീയപ്പെട്ടവനായതും.
യച്ചൂരിയുടെ ഈ സ്വഭാവം കൊണ്ട് പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ സൗഹൃദങ്ങളുണ്ടായി. സമഭാവനയുള്ള പെരുമാറ്റം. അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായും നേതാക്കളുമായുള്ള ആത്മബന്ധം. കമ്മ്യൂണിസ്റ്റ് ജീവിതരീതി. ഇതെല്ലാമായിരുന്നു പിന്നീട് യച്ചൂരിയെ സി.പി.എമ്മിന്റെ അമരത്തേക്ക് എത്തിച്ചതും. 2005 മുതല്‍ 12 വര്‍ഷം ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു യച്ചൂരി. ഈ കാലഘട്ടത്തിലെ മികച്ച പാര്‍ലമെന്റേറിയനായി അദ്ദേഹം പേരെടുത്തു. സി.പി.എം ഏറ്റവും ദുര്‍ബല കക്ഷികളിലൊന്നായി പാര്‍ലമെന്റിലിരിക്കുമ്പോഴും യച്ചുരി പ്രസംഗിക്കാന്‍ എഴുന്നേറ്റാല്‍ സഭ കാതോര്‍ക്കും. ചരിത്രവും രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവുമെല്ലാം ഉള്‍കൊള്ളിച്ച് മണിക്കൂറുകള്‍ നീളുന്ന പ്രസംഗങ്ങള്‍.
ബി.ജെ.പി ഭരണകാലത്ത് മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചുളള രാഷ്ട്രീയ പ്രസംഗങ്ങള്‍. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവെന്ന നിലയില്‍ വലിയ ബഹുമാനം യച്ചൂരിയോട് ഇതര നേതാക്കളും പുലര്‍ത്തിയിരുന്നു എന്നതാണ് പ്രത്യേകത. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ മാറിമാറിയുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന് നിരവധി ആരാധകരുമുണ്ടായി. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ഭേദഗതി അവതരിപ്പിച്ച് പാസാക്കി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലും യച്ചൂരി ഇടം നേടിയിട്ടുണ്ട്. യു.പി.എ. സര്‍ക്കാരിന്റെ അഴിമതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുള്ള യച്ചൂരിയുടെ ഇടപെടലുകള്‍ ശ്രദ്ധനേടിയിട്ടുണ്ട്.
പിന്നീട് ബി.ജെ.പി. ഭരണകാലത്ത് പൗരത്വ ഭേദഗതി, കശ്മീര്‍, നോട്ടുനിരോധനം വിഷയങ്ങളിലും പ്രതിപക്ഷ സമരങ്ങളിലെ നേതൃത്വമായി മാറി. 2015ലെ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി.പി.എമ്മിന്റെ പരമോന്നത നേതൃസ്ഥാനത്തേക്ക് യച്ചൂരിയെത്തുന്നത്. 32ാം വയസ്സില്‍ കേന്ദ്ര കമ്മിറ്റിയിലും നാല്‍പ്പതാം വയസ്സില്‍ പി.ബിയിലും എത്തി പ്രവര്‍ത്തിച്ച അനുഭവ പാഠങ്ങള്‍ യച്ചൂരിക്ക് അന്ന് കരുത്തായി. 2018ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് കോണ്‍ഗ്രസ് സഖ്യത്തിനെതിരായി ബദല്‍രേഖ അവതരിപ്പിച്ചത് പോലെയുളള പരീക്ഷണ നാളുകളെ മികച്ച രീതിയില്‍ നേരിട്ട് അദ്ദേഹം പാര്‍ട്ടിയെ നയിച്ചു. തുടക്കത്തില്‍ പൊളിറ്റ്ബ്യുറോയില്‍ തന്റെ തീരുമാനങ്ങള്‍ക്ക് വേണ്ടത്ര പിന്തുണയില്ലാത്തത് കേന്ദ്ര കമ്മിറ്റിയെ ഉപയോഗിച്ച് മികച്ച രീതിയില്‍ മറികടക്കാന്‍ യച്ചൂരിക്കായി.
രണ്ടാമത്തെ ടേം ആയപ്പോഴേക്ക് പി.ബിയിലും പിന്തുണ വര്‍ധിപ്പിച്ചു. കര്‍ഷകസമരത്തില്‍ നിര്‍ണായക സ്വാധീനമായി മാറിയതും ആകെയുണ്ടായിരുന്ന കേരള ഭരണം നിലനിര്‍ത്താനായതും യച്ചൂരിക്ക് നേട്ടമായി. ത്രിപുരയിലും ബംഗാളിലും തകര്‍ന്നടിഞ്ഞപ്പോഴും യച്ചൂരിയുടെ നേതൃത്വത്തെ പാര്‍ട്ടി ചോദ്യം ചെയ്തില്ല. സങ്കീര്‍ണമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യെച്ചൂരിക്കുള്ള മികവ് തെളിയിക്കുന്ന പല സാഹചര്യങ്ങള്‍ ഇക്കാലത്തുണ്ടായി. പ്രത്യയശാസ്ത്രബോധം മുറുകെ പിടിക്കുമ്പോഴും അത് പ്രായോഗിക വത്കരക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. 2004ല്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടികള്‍ക്ക് രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് യച്ചൂരിയായിരുന്നു.
കേരളത്തിന്റെ വിപ്ലവ സൂര്യനായ വി.എസ്.അച്യുതാനന്ദനുമായി യച്ചൂരിക്കു നല്ല അടുപ്പമാണ്. 4 പതിറ്റാണ്ടു മുന്‍പു പരിചയപ്പെട്ടതാണ് ഇരുവരും. 29 വര്‍ഷത്തെ പ്രായവ്യത്യാസമുള്ള കൂട്ടുകെട്ട് രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചു. യച്ചൂരി വിഎസ് പക്ഷത്തും, വിഎസ് യച്ചൂരി പക്ഷത്തും നിലകൊണ്ടു. 2016ല്‍, പിണറായി വിജയനെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ, വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ ആണെന്നു പറഞ്ഞതും യച്ചൂരിയാണ്.
CONTENT HIGHLIGHTS;Unswerving Comrade: A Trait New Leaders Must Learn