കൂർക്കംവലി ഗാഢനിദ്രയുടെ സൂചനയായിട്ടാണ് പലരും കരുതുന്നത്. എന്നാൽ ശരിയായിട്ടുള്ള ഉറക്കം കിട്ടാത്തതിന്റെ ലക്ഷണമാണ് കൂർക്കംവലി. ഇന്ന് കുട്ടികളിൽ സാധാരണയായി കാണുന്ന ഒരു പ്രശ്‌നമാണിത്. വായ തുറന്നുറങ്ങുക, ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ജലദോഷം ഇവയെല്ലാം കൂർക്കംവലിയുടെ പിന്നാലെ ഉണ്ടാക്കുന്ന അവസ്ഥകളാണ്. കുട്ടി ശ്വസിക്കുന്ന വായു, അവരുടെ ശ്വാസനാളത്തിലൂടെ സ്വതന്ത്രമായി ഒഴുകുന്നത് അനുവദിക്കാതിരിക്കുമ്പോഴാണ് കൂർക്കംവലി സംഭവിക്കുന്നത്. ഏകദേശം 15% കുട്ടികൾ സാധാരണഗതിയിൽ കൂർക്കംവലിക്കാറുണ്ട്.
കുട്ടികകളിൽ തുടർച്ചയായി മൂന്നു ദിവസത്തിൽ കൂടുതൽ കൂർക്കം വലി, വായ തുറന്നുള്ള ശ്വസനം എന്നിവ കാണുന്നുണ്ടെങ്കിൽ ശ്രദ്ധ ആവശ്യമാണ്. കാരണം ശരിയായിട്ടുള്ള ഉറക്കം കിട്ടിയിട്ടില്ലെങ്കിൽ, അവരുടെ അക്കാദമിക നിലവാരത്തെ വരെ ഇത് ബാധിച്ചേക്കാം.
കൂർക്കംവലിയുടെ പ്രധാന കാരണം മൂക്കിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന അഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കമാണ്. ഇത് നീങ്ങി വരുന്ന സമയം മൂക്കിന്റെ പിൻഭാഗം തടസ്സപ്പെടുകയും. കുട്ടികൾക്ക് മൂക്കിലൂടെ ശ്വസിക്കാൻ കഴിയാതെ വരുകയും ചെയ്യുന്നു. ആ സമയത്ത് കുട്ടികൾ സ്വാഭാവികമായും വായ തുറന്ന് ശ്വസിക്കാൻ തുടങ്ങുന്നു. ഇതിൻറെ ഫലമായി ചുണ്ടിനും പല്ലിനും വളർച്ചയിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നു.
അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന തൊണ്ടയുടെ പിൻഭാഗത്തുള്ള ടിഷ്യൂകളാണ് ടോൺസിലുകളും അഡിനോയിഡുകളും. ഏതൊരു അണുബാധയും അഡിനോയിഡുകൾ വീർക്കുന്നതിന് കാരണമാകുന്നു, ഇത് കുട്ടികളിൽ ഉറക്ക അസ്വസ്ഥതയുടെ ഏറ്റവും സാധാരണമായ കാരണമാണ്. മാത്രമല്ല കുട്ടിക്ക് അമിതഭാരമുണ്ടെങ്കിൽ ഇടുങ്ങിയ ശ്വാസനാളം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ചെറിയ രീതിയലുള്ള കൂർക്കംവലി പരിഹരിക്കാൻ മൂക്കിലൊഴിക്കുന്ന മരുന്നുകൾക്കും സ്പ്രേകൾക്കും സാധിക്കും. നേസൽ എൻഡോസ്കോപ്പി പരിശോധനയിലൂടെ ഈ അസുഖം കൃത്യമായി കണ്ടെത്തി. ഫലപ്രദമായ ചികിത്സ നൽകുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കും.
STORY HIGHLIGHT: Snoring in Children