ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഊർജ്ജവും പ്രസരിപ്പും എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ഇതെല്ലാവരിലും നീണ്ടു നിൽക്കാറില്ല എന്നതാണ് യാഥാർഥ്യം. നിരന്തര ജീവിത ശൈലിയിലൂടെ ഇത് നേടിയെടുക്കാവുന്നതെ ഉള്ളു. ഈ 5 ശീലങ്ങളിലൂടെ ക്ഷീണം മാറ്റിയെടുക്കാം.
അത്താഴത്തിൽ നിന്നും ധാന്യങ്ങളെ ഒഴിവാക്കുക
ഗോതമ്പ്, അരി, ഓട്സ്, മില്ലെറ്റ് അങ്ങനെ ഏത് തരം ധാന്യങ്ങളും അത്താഴത്തിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം ഡിന്നറിൽ 60 മുതൽ 40 ശതമാനവും നിറഞ്ഞിരിക്കേണ്ടത് പച്ചക്കറികളും ഇലവർഗങ്ങളുമാണ്. അതിപ്പോ സൂപ്പ്, സാലഡ്, സ്മൂത്തി, നാടൻ കറികൾ ഇവിയിലേതുമാകാം. ഇതിനോടൊപ്പം കഴിക്കാൻ പറ്റുന്ന ഏതെങ്കിലും പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ചേർക്കാം. ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുന്നെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കണം.
കൃത്യ സമയക്രമത്തിലുള്ള ഉറക്കം
പലരും ഉറങ്ങാറുണ്ട് എന്നാൽ, അതിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഉറങ്ങുന്ന സമയമാണ്. ഉറങ്ങുന്ന സമയം ക്രമീകരിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഉണരുന്ന സമയം ക്രമീകരികരിക്കുക എന്നതാണ്. താമസിച്ച് കിടന്നാൽ താമസിച്ച് എഴുന്നേറ്റാൽ മതി എന്ന മനോഭാവം ആദ്യം മാറ്റുക. രാവിലെ 5:30 ക്ക് എഴുന്നേൽക്കണമെങ്കിൽ രാത്രിയിൽ ഒരു 10 ആകൂമ്പോൾ ഉറങ്ങാൻ കിടക്കുക. അഞ്ചുദിവസം ഇതൊരു ശീലമാകുമ്പോൾ ശരീരം സ്വഭാവികമായി ആറാമത്തെ ദിവസം ആ ശീലവുമായി പൊരുത്തപ്പെടുകയും ഇതിലൂടെ കൃത്യ സമയത്തുള്ള ഉറക്കം നൽകുകയും ചെയുന്നു.
തൃപ്‌തികരമായ മലവിസർജ്ജന ക്രമം
എപ്പോഴെങ്കിലും ടോയ്‌ലെറ്റിൽ പോയാൽ ആയി… അല്ലെങ്കിൽ രണ്ടു ദിവസം കൂടിയിരിക്കുമ്പോൾ ടോയ്‌ലെറ്റിൽ പോയാലും പ്രശ്നമില്ല എന്ന് കരുതി ശ്രദ്ധിക്കാതെ പോകുന്ന ഒരു വിഷയമാണ് മലവിസർജ്ജനം. പലപ്പോഴും ഇതിനെപ്പറ്റി സംസാരിക്കുന്നത് തന്നെ പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, ശരീരത്തിൽ നിന്നും പുറന്തള്ളുന്ന മലിനവസ്തുക്കൾ മലവിസർജ്ജനപ്രക്രിയയിലൂടെ പുറത്തുകളയേണ്ടത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് വളരെ ആവശ്യമുള്ള പ്രവർത്തനമാണ്. ആരോഗ്യകരമായ ഒരു വ്യക്തിയിൽ ശീലിക്കപ്പെടേണ്ട ആരോഗ്യകരമായ പ്രവർത്തനമാണ് കൃത്യമായി മലവിസർജ്ജനം അതും തൃപ്‌തികരമായി നടത്തുക എന്നത്.
ദിവസവും വ്യായാമം ശീലമാക്കുക
വ്യായാമം ഒരു അടിസ്ഥാന ശീലമാക്കിമാറ്റാൻ ശ്രമിക്കണം. അത് വണ്ണം കുറയ്ക്കാനോ മസിൽ ഉണ്ടാക്കാനോ വേണ്ടി മാത്രമുള്ളത് ആകരുത്. ശാസ്ത്രീയ രീതിയിലുള്ള ഒരു വ്യായാമ മാതൃകയായിരിക്കണം ശീലമാക്കേണ്ടത്. മനസിനും ശരീരത്തിനും ഒരുപോലെ സന്തോഷം നൽകാനും ഉന്മേഷം നൽകാനും സഹായിക്കുന്ന ഒന്നാണ് വ്യായാമം.
പ്രോട്ടീൻ സമ്പന്നമായ പ്രഭാതഭക്ഷണം
പ്രഭാത ഭക്ഷണത്തിൽ ദോശ, ഇഡലി, ചപ്പാത്തി തുടങ്ങിയ കാർബോഹൈഡ്രേറ്റ് കുത്തിനിറയ്ക്കുന്നതിനു പകരം പ്രോട്ടീൻ ഉൾപ്പെടുത്തണം. മാത്രമല്ല കലോറി കുറഞ്ഞ ഒരു ഭക്ഷണമായിരിക്കണം പ്രഭാത ഭക്ഷണത്തിൽ ശീലമാക്കേണ്ടത്. കൂടാതെ രാവിലത്തെ ഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ല.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്, കൃത്യമായ ഉറക്കം ലഭിക്കാതെയിരിക്കുന്നത്, കൃത്യമായി മലവിസർജ്ജനം നടത്താതിരിക്കുന്നത്, മാനസിക സമ്മർദ്ദം നേരിടുന്നത്, രാത്രിയിലെ ശരിയല്ലാത്ത ഭക്ഷണക്രമം തുടങ്ങിയവയെല്ലാം ശരീരത്തിന്റെ ഉന്മേഷക്കുറവ്, ക്ഷീണം, മ്ലാനത എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നു. അതിനാൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രസരിപ്പും ഊർജ്ജവും നേടിയെടുക്കാൻ ആരോഗ്യപ്രദമായ ഈ അഞ്ച് ശീലങ്ങൾ പാലിക്കുന്നതിലൂടെ സാധിക്കും.
STORY HIGHLIGHT: Habits to Stay Energized