ഡൽഹി: സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇൻഡ്യ സഖ്യത്തിന് നഷ്ടമെന്ന് ആംആദ്മി പാർട്ടി. ഉറച്ച ശബ്ദമായിരുന്നു സീതാറാം യെച്ചൂരിയെന്ന് ആംആദ്മി ദേശീയ വക്താവ് സഞ്ജയ് സിങ് പ്രതികരിച്ചു. യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച സിങ് കുടുംബത്തിന് ഈ ദുഖം അതിജീവിക്കാൻ കഴിയട്ടെയെന്നും പറഞ്ഞു.
ആശയമായി നിലനിന്ന ഇൻഡ്യ സഖ്യത്തെ യാഥാർഥ്യത്തിലേക്കെത്തിച്ച നേതാക്കന്മാരിൽ പ്രധാനിയായിരുന്നു സീതാറാം യെച്ചൂരി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായുള്ള യെച്ചൂരിയുടെ അടിയുറച്ച ബന്ധം സഖ്യ രൂപീകരണത്തിൽ നിർണായകമായി. മൂന്നാം മുന്നണിയെന്ന ആശയത്തിൽ നിന്നും ഫാസിസ്റ്റ് വിരുദ്ധ ഐക്യം എന്ന നിലയിലേക്ക് സിപിഎം നേതാക്കളെ എത്തിക്കുന്നതിലും സീതാറാമിന്റെ വാക്കുകൾക്ക് കഴിഞ്ഞു.
വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെല്ലാം ഇൻഡ്യ സഖ്യത്തിന്റെ നഷ്ടമായാണ് യെച്ചൂരിയുടെ വിയോഗത്തെ കാണുന്നത്. അടുത്ത സുഹൃത്തിനെ നഷ്ടമായ വേദനയാണ് കോൺഗ്രസ് നേതാക്കളടക്കം പങ്കുവെക്കുന്നത്.