കോൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ രാജിസന്നദ്ധത അറിയിച്ചു മുഖ്യമന്ത്രി മമതാ ബാനർജി. സമരം ഒത്തുതീർപ്പാക്കാനായി ഡോക്ടർമാരെ നിരന്തരം ചർച്ചയ്ക്ക് വിളിച്ചിട്ടും അവർ ചർച്ചക്ക് എത്താത്തതിനെ തുടർന്നാണ് മമത രാജി സന്നദ്ധത അറിയിച്ചത്.
ചർച്ചയുടെ തത്സമയ സംപ്രേക്ഷണം നടത്തണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതോടെ മുഖ്യമന്ത്രിയുള്ള ചർച്ചയ്ക്കെത്താൻ ഡോക്ടർമാർ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.
ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച ഡോക്ടർമാർ വൈകിട്ട് അഞ്ച് മണിയോടെ വേദിയിലെത്തി. എന്നാൽ അവരുടെ ആവശ്യം സർക്കാർ നിരസിച്ചതിനാൽ അവർ അകത്തേക്ക് പ്രവേശിക്കാൻ വിസമ്മതിച്ചു. എന്നാൽ ഡോക്ടർമാരുടെ മറ്റ് ആവശ്യങ്ങൾ മമതാ ബാനർജി അംഗീകരിച്ചിരുന്നു.
‘ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാൻ ഞാൻ തയ്യാറാണ്. എനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണ്ട. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭിക്കണം. സാധാരണക്കാർക്ക് ചികിത്സ ലഭിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ബംഗാളിലെ ജനങ്ങളുടെ വികാരത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു.’ ജൂനിയർ ഡോക്ടർമാരുടെ സംഘത്തിനായുള്ള രണ്ട് മണിക്കൂർ കാത്തിരിപ്പിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാര്യങ്ങള് ഡോക്ടർമാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പ്രക്ഷോഭങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും മമത പറഞ്ഞു. ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് രാജിക്ക് തയാറാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ ഇതെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
അതേസമയം പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായി ബലാൽസംഗ കേസ് പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി നേരത്തെ ബംഗാൾ സർക്കാർ പാസാക്കിയിരുന്നു. ‘അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024′ സെപ്തംബർ 3 ന് നിയമസഭയിൽ അവതരിപ്പിച്ച് മമത സർക്കാർ പാസാക്കിയെടുത്തിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ്’അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024’ പാസാക്കിയത്. ബലാത്സംഗ കേസ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. ബിൽ പാസാക്കി ഗവർണർക്ക് അയച്ചു നൽകിയിട്ടുണ്ട്. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നടക്കം മമത നേരത്തെ പ്രഖ്യാപിച്ചിരിട്ടുണ്ട്.