റഫ: സെൻട്രൽ ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ ജീവനക്കാർ കൊല്ലപ്പെട്ടതായി യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ. അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. യുഎൻ ഏജൻസിയിലെ ആറ് ഉദ്യോഗസ്ഥരും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.
നുസൈറത്ത് അഭയാർത്ഥി ക്യാമ്പുകളിലൊന്നായ അൽ-ജൗനി സ്കൂളിന് നേരെ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. യുഎൻ ഏജൻസിയുടെ നേതൃത്വത്തിൽ സ്കൂളിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ 12,000 ഫലസ്തീനികളാണ് ഉള്ളത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അഭയാർത്ഥി ക്യാമ്പിലേക്ക് രണ്ട് തവണയാണ് ഇസ്രായേൽ വ്യോമാക്രണം നടത്തിയത്. കഴിഞ്ഞ 11 മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് സ്കൂൾ ആക്രമിക്കപ്പെടുന്നത്.
ജനങ്ങൾക്ക് അപകടമില്ലാത്തവിധമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഇസ്രായേൽ ആക്രമണത്തെ അപലപിച്ചു. ‘ഗസ്സയിൽ നടക്കുന്നത് തീർത്തും അസ്വീകാര്യമാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഈ ലംഘനങ്ങൾ ഇപ്പോൾ തന്നെ അവസാനിപ്പിക്കേണ്ടതുണ്ട്.’- ഗുട്ടെറസ് പറഞ്ഞു.