തിരുവനന്തപുരം: തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പി.വി.അന്‍വര്‍ എംഎല്‍എ ഡിജിപിക്ക് കത്ത് നൽകി. തന്നെ കൊല്ലാനും കുടുംബത്തെ അപായപെടുത്തുത്താനും സാധ്യതയുണ്ട്. കുടുംബത്തിനും വീടിനും സ്വത്തിനും സംരക്ഷണത്തിനായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് അൻവർ എംഎല്‍എയുടെ ആവശ്യം.
തനിക്കെതിരെ വന്ന ഭീഷണി കത്തിന്റെ പകര്‍പ്പും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഡിജിപിയുമായി പി.വി അന്‍വര്‍ എംഎല്‍എ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എം.എല്‍.എയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ പരാതി നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉള്‍പ്പെടെ താന്‍ സമര്‍പ്പിച്ച പരാതിയില്‍ ഡിജിപിക്ക് തെളിവുകള്‍ കൈമാറിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എം ആര് അജിത് കുമാര്‍ ഇപ്പോഴും ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്നതിനാലാണ് കൂടുതല്‍ തെളുവകള്‍ കിട്ടാത്തതെന്ന് പി വി അന്‍വര്‍ ആരോപിച്ചു. ഒരു മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാകില്ല. അന്വേഷണത്തിലൂടെ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അൻവറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ശിപാര്‍ശ ചെയ്തിരുന്നു.
ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിര്‍മാണം തുടങ്ങി അന്‍വര്‍ എംഎല്‍എ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്.