തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ശേഷം തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പായ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (12/09/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.