അടുത്തിടെയായി എല്ലാവരും തിരക്കുന്ന ഒരു വിഭവമാണ് അങ്കമാലി മാങ്ങാക്കറി. നടന്‍ സുരാജ് വെഞ്ഞാറമൂട് ഒരു ഇന്റര്‍വ്യൂവില്‍ തന്റെ ഇഷ്ടവിഭവമായി ഇത് പറഞ്ഞത് മുതല്‍ ആളുകള്‍ തിരഞ്ഞു നടക്കുകയാണ് എങ്ങനെ വീട്ടില്‍ അങ്കമാലി മാങ്ങാക്കറി തയ്യാറാക്കാമെന്ന്. ഇപ്പോള്‍ ഇതാ വളരെ വേഗത്തില്‍ കുറുകിയ നല്ല രുചിയുള്ള അങ്കമാലി മാങ്ങാക്കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- മാങ്ങ
- തേങ്ങാപ്പാല്‍
- ഇഞ്ചി
- സവാള
- പച്ചമുളക്
- കറിവേപ്പില
- വിനാഗിരി
- മുളകുപൊടി
- മഞ്ഞള്‍പ്പൊടി
- മല്ലിപ്പൊടി
- എണ്ണ
- കറിവേപ്പില
തയ്യാറാക്കുന്ന വിധം;
ഒരു മാങ്ങ തൊലികളഞ്ഞ് ചെറിയ പീസുകളായി കട്ട് ചെയ്തു വെക്കുക. ശേഷം സവാള ചെറുതായി അരിഞ്ഞത്, കറിവേപ്പില, ഇഞ്ചി, ഉപ്പ്, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, വെളിച്ചെണ്ണ, വിനാഗിരി, പച്ചമുളക് എന്നിവ നന്നായി തിരുമ്മിയെടുക്കുക. നല്ല സ്‌മെല്ല് വരുന്നത് വരെ 5 മിനിറ്റോളം സമയം ഇത് തിരുമ്മിയെടുക്കണം. ശേഷം ഇതിലക്ക് നമ്മള്‍ മുറിച്ച് മാറ്റി വച്ചിരുന്ന മാങ്ങയും കൂടി ചേര്‍ത്തു കൊടുക്കുക.
ഇതെല്ലാം കൂടി നന്നായി തിരുമ്മിയെടുത്ത ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഇത് ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കുക. ഇതില്‍ വെള്ളം ഒട്ടും ഒഴിച്ചുകൊടുക്കുന്നില്ല. 10 മിനിറ്റ് നന്നായി തിളച്ച് വരുമ്പോഴേക്കും ഇത് കുറുകിയ പരുവത്തിലേക്ക് വരും. നല്ല പോലെ കുറുകി വന്നു കഴിയുമ്പോഴേക്കും ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്ത് കൊടുക്കുക.
ഈ സമയത്ത് ഇതിലേക്ക് നമ്മള്‍ ഒരു താളിപ്പ് കൂടി ചേര്‍ത്തു കൊടുക്കണം. അതിനായി ഒരു പാന്‍ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ, ചെറുതായിട്ട് അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉളളി, കറിവേപ്പില, കാശ്മീരി മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ഈ താളിപ്പ് കറിയിലേക്ക് ചേര്‍ത്ത് ഇളക്കാം. നല്ല രുചികരമായ കുറുകിയ അങ്കമാലി മാങ്ങാക്കറി തയ്യാര്‍.
story highlights: Angamaly mango curry recipe