തിരുവനന്തപുരം: കേരള സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്ഐ- കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 300 ലധികം പേർക്കെതിരെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
സർവകലാശാല രജിസ്ട്രാറർ നൽകിയ പരാതിയിലാണ് കേസ്. കേരള സർവകലാശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ – കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് കേരള സർവകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.
തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെയാണ് വൻ സംഘർഷമുണ്ടായത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. ആക്രമണത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു.