Kerala

സുഭദ്ര കൊലപാതകം : ശര്‍മിളയും മാത്യൂസും ഒളിവില്‍ കഴിഞ്ഞത് കൊച്ചിയില്‍ ; പ്രതികളെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു‌

മാത്യൂസും ശര്‍മിളയും 15 ന് റെയില്‍വേ സ്റ്റേഷന് മുന്നിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു

കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ കലവൂരില്‍ വെച്ച് കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസിലെ പ്രതികളായ മാത്യൂസും ശര്‍മിളയും ഒളിവില്‍ കഴിഞ്ഞിരുന്നത് കൊച്ചിയില്‍. കൊലപാതകത്തിന് പിന്നാലെ കര്‍ണാടകയിലെ ഉഡുപ്പിയിലേക്ക് കടന്ന ഇവര്‍ പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തുകയും കൊച്ചിയില്‍ തങ്ങുകയുമായിരുന്നു. കേസില്‍ കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് ( നിഥിന്‍ -35), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള ( 52) എന്നിവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഭദ്രയെ കാണാനില്ലെന്ന പരാതിയില്‍ കഴിഞ്ഞ മാസം ഏഴിനാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ 15 ന് മാത്യൂസും ശര്‍മിളയും റെയില്‍വേ സ്റ്റേഷന് മുന്നിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

ഇതിനു പിന്നാലെ ശര്‍മിളയും മാത്യൂസും താമസിച്ചിരുന്ന കലവൂര്‍ കോര്‍ത്തുശേരിയിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ ഇവര്‍ ഉഡുപ്പിയിലേക്ക് കടന്നു. പൊലീസ് ഉഡുപ്പിയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ 24 ന് നാട്ടില്‍ തിരിച്ചെത്തി. കാട്ടൂരിലെ ബസ് സ്റ്റോപ്പില്‍ ഇവരെ കണ്ടതായി വിവരം ലഭിച്ചതോടെ പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ കടന്നു കളഞ്ഞിരുന്നു. കൊച്ചിയിലേക്ക് മുങ്ങിയ ഇവര്‍ക്ക്, ഒളിച്ചു താമസിക്കാന്‍ കൊച്ചിയിലെ സുഹൃത്തുക്കള്‍ സഹായം നല്‍കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കലവൂരിലെ വീട്ടുവളപ്പില്‍ നിന്നും മൃതദേഹം കണ്ടെത്തിയതായ വിവരം അറിഞ്ഞതോടെ കൊച്ചിയില്‍ നിന്നും കടന്നു. മണിപ്പാലില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടുന്നത്. കൊലപാതകത്തിന് ശേഷം ആരും തിരിച്ചറിയാതിരിക്കാനായി കണ്ണട വെച്ചാണ് ശര്‍മിള യാത്ര ചെയ്തിരുന്നത്.

കര്‍ണാടകയില്‍ നിന്നും പിടിയിലായ മാത്യൂസിനെയും ശര്‍മിളയെയും ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇരുവരും കൊലപാതകം ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. കൊലപാതകം എങ്ങനെ നടത്തി, കൊലപാതകത്തിന്റെ കാരണങ്ങള്‍ എന്നിവ കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പൊലീസ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. തുടര്‍ന്ന് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം.