അങ്ങനെ സര്‍ക്കാരും മന്ത്രിയും യൂണിയനുകളും പറഞ്ഞ വാക്കെല്ലാം പാഴായിപ്പോയതിന്റെ ഒടുവില്‍ KSRTC ജീവനക്കാര്‍ക്ക് ഇന്നലെ ശമ്പളം കിട്ടി. അതും മുഴുവനായി. ഒന്നര വര്‍ഷത്തിനു ശേഷമാണ് ചെയ്ത ജോലിയുടെ കൂലി ഒരുമിച്ച് കിട്ടുന്നതിന്റെ ആശ്വാസം ജീവനക്കാര്‍ ആസ്വദിച്ചത്. എന്നാല്‍, ശമ്പളം വന്നതിനു തൊട്ടു പിന്നാലെ മാനേജ്‌മെന്റിന്റെ ഉത്തരവും ഇറങ്ങിയതാണ് ജീവനക്കാര്‍ക്ക് ഇരുട്ടടിയായത്. മറ്റൊന്നുമല്ല, വയനാട് ദുരന്തത്തിന് അഞ്ചു ദിവസത്തെ ശമ്പളം കൊടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് KSRTC മാനേജ്‌മെന്റ് വാറോലയായി ഇറക്കിയിരിക്കുന്നത്.
സാലറി ചലഞ്ചില്‍ പങ്കെടുത്തും പങ്കെടുക്കാതെയും മറ്റെല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ ശമ്പളവും വാങ്ങിക്കഴിഞ്ഞു. ബോണസും, അഡ്വാന്‍സും ഫെസ്റ്റിവല്‍ അലവന്‍സും വാങ്ങി. അപ്പോഴൊന്നും KSRTCയിലെ ജീവനക്കാരോട് വയനാടെന്നോ, ദുരന്തമെന്നോ, ദുരിതമെന്നോ ആരും പറഞ്ഞില്ല. പക്ഷെ, അവരോട് ചോദിക്കാതെ തന്നെ തൊഴിലാളി യൂണിയനുകള്‍ നേതൃത്വമെടുത്ത് ജീവനക്കാരില്‍ നിന്നും കൊച്ചുകൊച്ചു തുകകള്‍ ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനു വേണ്ടി സഹായിച്ചിട്ടുണ്ട്.
ചില സംഘടനകള്‍ ഒരുകോടി വരെയുള്ള തുകയാണ് ശേഖരിച്ചു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശമ്പളം കിട്ടിയില്ലെങ്കിലും നാടിന്റെ പൊതു ആവശ്യത്തിന് അവരും പങ്കുകൊണ്ടു എന്നതു തന്നെ വലിയ കാര്യമാണ്. എന്നാല്‍, ശമ്പളം കിട്ടിയ ഇന്നലെ വൈകിട്ടോടെ KSRTC മാനേജ്‌മെന്റ് വയനാടിന്റെ പേരില്‍ അഞ്ചു ദിവസത്തെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് ദുരുദ്ദേശപരമായിട്ടാണ്. ശമ്പളം കിട്ടിയതിന്റെ പേരില്‍ അഹങ്കരിക്കരുതെന്ന ഉദ്ദേശം ഒന്നു മാത്രമായിരുന്നു ഇതിന്റെ പിന്നിലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതുകൊണ്ടാണ് ഇന്ന് ആ ഉത്തരവ് പിന്‍വലിക്കേണ്ടി വന്നത്.
കടുത്ത എതിര്‍പ്പാണ് എല്ലാ ഭാഗത്തു നിന്നും ഉത്തരവിനെതിരേ ഉയര്‍ന്നത്. വയനാടിന്റെ പേരില്‍ ശരിക്കും പീഡിപ്പിക്കുന്നതിനായിരുന്നു ഈ ഉത്തരവ് ഇന്നലെ പുറത്തിറക്കിയതെന്ന് യൂണിയനുകളും കുറ്റപ്പെടുത്തുന്നുണ്ട്. ഓഗസ്റ്റ് 12നാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയിരുന്നത്. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവായിരുന്നു ഇത്. എന്നാല്‍, ഈ ഉത്തരവനുസരിച്ച് KSRTC ജീവനക്കാരോട് ഇന്നലെ വരെ ആരും സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നില്ല. ശമ്പളം അക്കൗണ്ടുകളിലേക്ക് എത്തിയതോടെയാണ് ഇന്നലെത്തന്നെ ഡേറ്റിട്ട് സര്‍ക്കാര്‍ ഉത്തരവ് വീണ്ടും KSRTC മാനേജ്‌മെന്റ് ഓണ്‍ചെയ്തത്.
ഇതാണ് ദുരൂഹതയ്ക്കു കാരണവും. വയനാടുണ്ടായ ദുരന്തത്തില്‍ ശമ്പളം നല്‍കി പങ്കെടുക്കണമെന്ന് KSRTC ജീവനക്കാര്‍ക്കും ആഗ്രഹമൊക്കെയുണ്ട്. പക്ഷെ, മറ്റു വകുപ്പുകളിലെ ജീവനക്കാരെപ്പോലെ കൃത്യമായി ശമ്പളം നല്‍കണം. ഓണം ആഘോഷിക്കാന്‍ ഫെസ്റ്റിവല്‍ അലവന്‍സും അഡ്വാന്‍സും നല്‍കാന്‍ 28 കോടി വേണമെന്ന KSRTCയുടെ ആവശ്യം ധനവകുപ്പ് അംഗീകരിക്കാത്തതും തിരിച്ചടിയായി. അതിനിടയിലാണ് വയനാടിന്റെ പേരിലുള്ള പിഴിയലുമായി രംഗത്തെത്തിയത്. എന്നാല്‍, ശമ്പളം കിട്ടുന്നതും നോക്കി ഇരിക്കുന്ന മറ്റു ചിലര്‍ കൂടിയുണ്ട്.
അതില്‍ പ്രധാനികളാണ് സംഘടനകള്‍. അവര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നേരിട്ടു പിടിക്കുകയാണ് ചെയ്യുന്നത്. കോടികള്‍ പിരിച്ചെടുക്കുന്നുമുണ്ട്. എന്നാല്‍, ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പാതിവഴിയില്‍ കിടക്കുകയും ചെയ്യും. സംഘടനകളുടെ പിരിവു കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുന്നതോടെ ബങ്ക് ലോണും, പലിശക്കാരും എത്തും, പിന്നെ, ശമ്പളം കിട്ടുമെന്ന പ്രതീക്ഷയില്‍ ജീവിക്കാനായി കടം വാങ്ങിയവര്‍ക്ക് തിരിച്ചും കൊടുക്കണം. ഇതെല്ലാം കഴിഞ്ഞാല്‍ ബാക്കി എത്രയുണ്ടാകുമെന്ന് അക്കൗണ്ടില്‍ നോക്കിയിട്ടു വേണം ഓണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍.
ശമ്പളത്തിനൊപ്പം അലവന്‍സും അഡ്വാന്‍സും കിട്ടിയിരുന്നെങ്കില്‍ കുറച്ചെങ്കിലും ആശ്വാസം ആകുമായിരുന്നുവെന്ന് ചിന്തിക്കുന്നവരും കുറവല്ല. അതാണ് സത്യവും. എന്നാല്‍, ശമ്പളം ഒരുമിച്ചു കൊടുക്കാന്‍ തന്നെ 100 കോടി കടമെടുത്തിരിക്കുമ്പോള്‍, ഇനി അലവന്‍സും അഡ്വാന്‍സുമൊന്നും വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അഞ്ചു ദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
ആഗസ്ത് 12നായിരുന്നു ഉത്തരവിറങ്ങിയത്. ഓണക്കാലത്ത് ഒറ്റ ഗഡുവായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതിന് തൊട്ടുപിന്നാലെ ഇത്തരത്തില്‍ ഒരു ഉത്തരവിറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കറിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ ഗതാഗതമന്ത്രി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് സൂചന.
CONTENT HIGHLIGHTS;Management tried to torture KSRTC employees in the name of Wayanad: After realizing that what was done was wrong, the order was canceled!! (Special Story)