ദുബൈ ഗാർഡൻ ഗ്ലോയുടെ 10ാം പതിപ്പിന് തുടക്കം. മികച്ച ദൃശ്യവിരുന്നോടെയാണ് പുതിയ എഡിഷൻ ആരംഭിച്ചത്. ആയിരക്കണക്കിന് സന്ദർശകരെയാണ് പുതിയ സീസണിൽ ദുബൈ നഗരസഭ പ്രതീക്ഷിക്കുന്നത്.
സന്ദർശകർക്ക് അത്ഭുതക്കാഴചകളുടെ മായികലോകം തുറന്നിടുന്നതാണ് ദുബൈ ഗാർഡൻ ഗ്ലോ. എൽ.ഇ.ഡി ലൈറ്റുകളിൽ നിറങ്ങൾ ഉപയോഗിച്ച സമാനതകളില്ലാത്ത ദൃശ്യവിരുന്നാണ് ഓരോ പതിപ്പിലും ഗാർഡൻ ഗ്ലോ സമ്മാനിക്കുന്നത്. മൃഗങ്ങൾ, പൂക്കൾ, പക്ഷികൾ എന്നിവയെല്ലാം വൈവിധ്യമാർന്ന നിറങ്ങളിലും രൂപങ്ങളിലും ജ്വലിച്ചുനിൽക്കുകയാണിവിടെ. 78.75 ദിർഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. മൂന്ന വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം. ഗാർഡൻ ഗ്ലോ ടിക്കറ്റെടുത്താൽ സബീൽ പാർക്കിലെ ദിനോസർ പാർക്കും സന്ദർശിക്കാം.
ശൈത്യകാലത്തിന്റെ വരവറിയിച്ച് ദുബൈ നഗരത്തിലെ വിനോദ കേന്ദ്രങ്ങളെല്ലാം പുതിയ സീസൺ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ആറാം സീസണിനായി ദുബൈ സഫാരി പാർക്ക് അടുത്ത മാസം ഒന്നിന് തുറക്കും. വിപുലമായനവീകരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് 3000ലേറെ പക്ഷി-മൃഗാദികളുടെ ആവാസകേന്ദ്രമായ പാർക്ക് അതിന്റെ പുതിയ പതിപ്പിനായി തയ്യാറെടുക്കുന്നത്. ഗ്ലോബൽ വില്ലേജിന്റെ 29ാം പതിപ്പ് ഒക്ടോബർ 16 മുതൽ അടുത്ത വർഷം മേയ് 11 വരെയുമുണ്ടാകും.