മദ്യനയ അഴിമതി കേസിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി. അഞ്ച് മാസങ്ങൾക്ക് ശേഷം ജയിൽ മോചിതനായ കെജ്‌രിവാളിന് വൻ വരവേൽപ്പാണ് നേതാക്കളും അണികളും ചേർന്ന് ഒരുക്കിയിരിക്കുന്നത്. അൽപ സമയം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച് ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. അരവിന്ദ് കെജ്‌രിവാളിനെ സ്വീകരിക്കാനായി ഭാര്യ സുനിത കെജ്‌രിവാളും മുതിർന്ന നേതാക്കളും എത്തിയിരുന്നു.
സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ജാമ്യം അനുവദിച്ചത് കൂടാതെ കർശന നിർദ്ദേശങ്ങളും കോടതിയിൽ നിന്നും ലഭിച്ചിരുന്നു. അതിൽ പ്രധാനമായി പറഞ്ഞിരുന്നത് ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്ത് പറയരുതെന്നും പ്രതികരണങ്ങൾ നടത്തരുതെന്നുമായിരുന്നു. നേരത്തേ, എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഇതേകേസില്‍ കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു.
ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം കെജ്‌രിവാളിന്റെ ജാമ്യം വലിയ ഊർജ്ജമാണ് നല്കുന്നത്. എന്നാൽ മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക ചുമതലകള്‍ വഹിക്കാന്‍ പരിമിതികളുണ്ടാകും. വ്യക്തി സ്വാതന്ത്ര്യം പ്രധാനാമാണ് എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടി കാട്ടികൊണ്ടാണ് സുപ്രീം കോടതി സി ബി ഐ കേസിൽ ജാമ്യം നൽകിയത്. കനത്ത മഴയിലും പ്രിയനേതാവിനെ സ്വീകരിക്കാൻ അണികളുടെ വലിയനിര തന്നെ എത്തിയിരുന്നു.
സുപ്രീം കോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. സിബിഐ കൂട്ടിൽ അടച്ച തത്ത ആകരുതെന്ന് ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ വിമർശിച്ചു.
മദ്യനയഅഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 21നായിരുന്നു ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇഡിയുടെ അറസ്റ്റിനെതിരെ ഡല്‍ഹി ഹൈക്കോടതിയെയായിരുന്നു കെജ്‌രിവാള്‍ ആദ്യം സമീപിച്ചത്. ഏപ്രില്‍ ഒന്‍പതിന് കെജ്‌രിവാളിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. ശേഷമാണ് ഡല്‍ഹി മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.
STORY HIGHLIGHT: arvind kejriwal to be released from jail