ആലപ്പുഴ: സുഭദ്ര കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ അറസ്റ്റിലായ പ്രതി മാത്യുവിന്റെ സുഹൃത്തും ബന്ധുവുമായ റൈനോള്‍ഡിന്‌റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സ്വര്‍ണം കവരുമ്പോള്‍ റൈനോള്‍ഡും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് എത്തിച്ച് നല്‍കിയത് റൈനോള്‍സാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.
കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. ഓഗസ്റ്റ് നാലിനാണ് കൊച്ചി കടവന്ത്രയില്‍ നിന്ന് 73കാരിയായ സുഭദ്രയെ കാണാതാകുന്നത്. ഏഴാം തീയതി മകന്‍ രാധാകൃഷ്ണന്‍ സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്പലങ്ങളില്‍ മറ്റും പോകാറുണ്ടായിരുന്ന സുഭദ്ര പലപ്പോഴും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവരാറ്.
എന്നാല്‍ സുഭദ്ര തിരിച്ചെത്തുകയോ ഫോണില്‍ ബന്ധപ്പെടാതിരിക്കുകയോ ചെയ്യാതിരുന്നതോടെയാണ് മകന്‍ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തുകയായിരുന്നു.