ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാന നഗരമായ പോര്‍ട്ട് ബ്ലെയര്‍ ഇനി ‘ശ്രീ വിജയപുരം’ എന്ന പേരിലറിയപ്പെടും. കൊളോണിയല്‍ മുദ്രകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പോര്‍ട്ട് ബ്ലെയറിന്റെ പേര് മാറ്റിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേര് മാറ്റം പ്രഖ്യാപിച്ചത്.
നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയ പുരം പ്രതീകപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
“മുമ്പത്തെ പേരിന് കൊളോണിയൽ പാരമ്പര്യമുണ്ടായിരുന്നെങ്കിലും, ശ്രീ വിജയ പുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും എ & എൻ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകപ്പെടുത്തുന്നു.”- ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിൽ തീരുമാനം പ്രഖ്യാപിച്ചു.
“നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരുകാലത്ത് ചോള സാമ്രാജ്യത്തിൻ്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനവുമായ സ്വപ്നങ്ങൾക്ക് നിർണായക അടിത്തറയായി മാറി,” അമിത് ഷാ പറഞ്ഞു.