കോഴിക്കോട്: ഗർഭസ്ഥശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ഉള്ള‌്യേരി മലബാർ മെഡിക്കൽ കോളേജ് അധികൃതർ. ബിപി അനിയന്ത്രിതമായി വർദ്ധിച്ചത് തിരിച്ചടിയായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നാണ് കുഞ്ഞിന്റെ അമ്മ എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35) മരിച്ചത്.
അത്തോളിയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് വ്യാഴാഴ്ച ഇവരുടെ ഗർഭസ്ഥശിശു മരിച്ചിരുന്നു. പിന്നാലെ ഗുരുതരാവസ്ഥയിലായ അമ്മയെ കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് ഇന്ന് വൈകിട്ടോടെ അമ്മ അശ്വതിയും മരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചപ്പോൾ തന്നെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രസവത്തിനായി അശ്വതിയെ ഈ മാസം ഏഴിനാണ് ആശുപത്രിയിലെത്തിച്ചത്. വേദന വരാത്തതിനാൽ മരുന്ന്‌വച്ചു, പക്ഷെ മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്‌ചയും മരുന്നുവച്ചു. ഉച്ചയോടെ വേദനതുടങ്ങി. രാത്രിയിൽ കലശലായ വേദന വന്നതോടെ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടു. പക്ഷെ സാധാരണ പ്രസവം നടക്കുമെന്ന് പറഞ്ഞ് ഡോക്‌ടർ ആവശ്യം തള്ളി. വേദന കാരണം അശ്വതി ഉറക്കെ കരഞ്ഞത് പുറത്തുനിന്നവർ വരെ കേട്ടിരുന്നതായാണ് വിവരം.
അൽപനേരത്തിനകം ആശുപത്രി അധികൃതർ അശ്വതിയെ സ്‌ട്രെച്ചറിൽ കൊണ്ടുപോകുന്നത് കണ്ട ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചെന്നും ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ബന്ധുക്കൾ അനുമതി നൽകിയെങ്കിലും അശ്വതിയുടെ സ്ഥിതി തീരെ മോശമായി. ഇതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ 48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും വിവരം പറയാൻ കഴിയൂ എന്നാണ് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുപോലും അശ്വതിയ്‌ക്ക് സിസേറിയൻ നടത്താൻ ഡോക്‌ടർ തയ്യാറായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.