കൊല്‍ക്കത്ത: ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ മുടങ്ങി മരണം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരത്തില്‍ 29 പേര്‍ക്കാണ് ജീവൻ നഷ്ടമായതെന്ന് മമത ബാനര്‍ജി പറഞ്ഞു. ഇവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമായിരിക്കും സര്‍ക്കാര്‍ നല്‍കുക.
ജൂനിയർ ഡോക്ടർമാരുടെ ദീർഘകാല പണിനിർത്തലിനെ തുടർന്ന് ആരോഗ്യ സേവനങ്ങളിലെ തടസ്സം മൂലം 29 വിലയേറിയ ജീവൻ നഷ്ടപ്പെട്ടുവെന്നത് സങ്കടകരവും നിർഭാഗ്യകരവുമാണെന്ന് മമത ‘എക്സി’ൽ പോസ്റ്റ് ചെയ്തു. ദുരിതം നേരിട്ട കുടുംബങ്ങൾക്ക് സഹായഹസ്തം നീട്ടുന്നതിനായി മരിച്ച ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാർ നിയന്ത്രണത്തിലുള്ള ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ഓഗസ്റ്റ് 9 മുതൽ ജൂനിയർ ഡോക്ടർമാർ സമരത്തിലാണ്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം.
സര്‍ക്കാര്‍ മൂന്ന് തവണ സമവായ ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ വഴങ്ങിയിരുന്നില്ല. തങ്ങളുടെ ആവശ്യം പൂര്‍ണമായും അംഗീകരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്. അതിനിടെ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും കത്തയച്ചു. കത്തിന്റെ പകര്‍പ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ആരോഗ്യമന്ത്രി ജെ പി നദ്ദ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്.