പാറക്കൂട്ടങ്ങളിൽ തട്ടി മുത്തുമണികൾ പോലെ ചിതറി വീഴുന്ന വെള്ളത്തുള്ളികൾ. വനത്തിന്റെ കുളിർമയും വിശ്രമിക്കാൻ നിരപ്പുള്ള പാറയും. കക്കുടുമൺ ജംക്‌ഷന് സമീപമുള്ള വിളയാട്ടുപാറ മീൻതൂക്കുപാറ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. അടുത്തടുത്തായി 2 വെള്ളച്ചാട്ടങ്ങളാണ് സഞ്ചാരികളുടെ കണ്ണുകൾക്ക് വിരുന്നൊരുക്കുന്നത്. ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയിൽ നിന്ന് 500 മീറ്റർ അകലെയാണ് മീൻതൂക്കുപാറ. കരികുളം വനത്തിനും റബർ തോട്ടങ്ങൾക്കും അതിരിടുന്ന തോട്ടിലാണ് വെള്ളച്ചാട്ടം.
പത്തടിയോളം ഉയരത്തിലുള്ള പാറത്തട്ടിൽ നിന്ന് തൂക്കായി വെള്ളം താഴേക്കു പതിക്കുകയാണ്. ഇതിന് 200 മീറ്റർ അകലെയായി റബർ തോട്ടത്തിൽ ചെറിയ ഒരു വെള്ളച്ചാട്ടം കൂടിയുണ്ട്. ഇതോടു ചേർന്ന് പഴയ പുലിയറയും ദർശിക്കാം. വെള്ളച്ചാട്ടത്തിന് മീൻതൂക്കുപാറയെന്ന പേര് ലഭിച്ചതിലും വ്യത്യസ്തതയുണ്ട്. തോട്ടിലെ വെള്ളം കലങ്ങി മറിഞ്ഞെത്തുമ്പോൾ ഊത്തകൾ ഒഴുകിയെത്തും. വെള്ളച്ചാട്ടത്തിലെ പാറയോടു ചേർന്ന് പാത്രങ്ങൾ പിടിച്ചാൽ ഊത്തകളെ കോരിയെടുക്കാം. ഇത്തരത്തിൽ മീൻ തൂക്കായി വീഴുന്നതാണ് പേരിനു പിന്നിൽ. നാറാണംമൂഴി പഞ്ചായത്തിൽപ്പെട്ട പ്രദേശമാണിത്. വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ പഞ്ചായത്തും വനം വകുപ്പും ഇതുവരെ തയാറായിട്ടില്ല.
ഒരു സെന്റ് വനം പോലും നഷ്ടപ്പെടുത്താതെ ഇവിടെ വിനോദ സഞ്ചാര വികസനം സാധ്യമാകും. വേനൽക്കാലത്തും വെള്ളച്ചാട്ടം നിലനിർത്തുകയാണ് ഇതിനായി ചെയ്യേണ്ട ആദ്യപടി. വെള്ളച്ചാട്ടത്തിനു മുകളിലായി തോട്ടിൽ നിരപ്പായ സ്ഥലമുണ്ട്. ഇവിടെ തടയണ നിർമിച്ചാൽ വെള്ളം തടഞ്ഞു നിർത്താനാകും. വരൾച്ചക്കാലത്ത് സമീപ വീടുകളിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിനും ഇതുവഴി പരിഹാരവും കാണാം. തടയണയിൽ നിന്ന് വെള്ളം ഒഴുക്കി വിട്ട് വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും നിലനിർത്താം. സമീപത്തെ തരിശായി കിടക്കുന്ന പാറയിൽ ചെറു കുടിലുകൾ കെട്ടിയാൽ വിശ്രമിക്കുന്നതിനും സംവിധാനമാകും.
STORY HIGHLLIGHTS: pathanamthitta-kakkudumon-waterfalls