ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
രണ്ടോ മൂന്നോ ഭീകരർ വനത്തിൽ ഒളിച്ചിരുപ്പുണ്ടെന്നാണ് വിവരം. തുടർന്ന് കൂടുതൽ സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഉധംപൂരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചതിന് ശേഷം ദിവസങ്ങൾക്കകമാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്. ജനവാസമുള്ള പ്രദേശങ്ങളിലും പോളിംഗ് നടക്കുന്ന ഭാഗങ്ങളിലും കടുത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്തംബർ 18നാണ് കാശ്മീരിൽ ഈ ജില്ലകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആക്രമണം നടന്ന ഡോഡയിൽ പ്രധാനമന്ത്രി നാളെ സന്ദർശിക്കാനിരിക്കെയാണ് ഇന്ന് ശക്തമായ ഏറ്റുമുട്ടൽ നടന്നത്. ഡോഡ, ഉധംപൂർ, കത്വ എന്നീ ജില്ലകളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭീകരാക്രമണം രൂക്ഷമാണ്.