Tech

ഐഫോണ്‍ 16 സിരീസ് ഇപ്പോള്‍ വാങ്ങിതുടങ്ങാം; പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു

മുന്‍ മോഡലുകള്‍ക്ക് 10,000 രൂപ വീതം വിലക്കിഴിവും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

ഐഫോണ്‍ 16 സിരീസിന്റെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ഈ സിരീസിലുള്ളത്. വൈകിട്ട് 5.30നാണ് ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ചത്. സെപ്റ്റംബര്‍ 20 മുതല്‍ ഫോണ്‍ ഉപഭോക്താക്കളുടെ കൈകളിലെത്തും.

ആക്‌സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 5,000 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് എല്ലാ മോഡലുകളിലും ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കും നോണ്‍-ഇന്ററെസ്റ്റ് ഇഎംഐയും (നോ-കോസ്റ്റ് ഇഎംഐ) ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന്, ആറ് എന്നിങ്ങനെ മാസക്കാലത്തേക്കാണ് ഇഎംഐ പരിധി.

പഴയ ഐഫോണ്‍ മോഡലുകള്‍ എക്സ്‌ചേഞ്ച് ചെയ്ത് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാവുന്ന സൗകര്യവും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ മൂന്ന് മാസത്തേക്ക് ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി+, ആപ്പിള്‍ ആര്‍ക്കേഡ് എന്നിവയുടെ സൗജന്യ സബ്ക്രിപ്ഷനും ആപ്പിള്‍ ഐഫോണ്‍ 16 സിരീസിനൊപ്പം നല്‍കുന്നു.

ഐഫോണ്‍ 16 സിരീസിലെ നാല് മോഡലുകള്‍ അവതരിപ്പിച്ചതോടെ ആപ്പിള്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ പിന്‍വലിച്ചിട്ടുണ്ട്. മറ്റ് മുന്‍ മോഡലുകള്‍ക്ക് 10,000 രൂപ വീതം വിലക്കിഴിവും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

STORY HIGHLIGHTS: iphone 16 series pre order begins