ഗാസ: ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ ദിവസം രാത്രിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 19 സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 34 പേരാണ് കൊല്ലപ്പെട്ടത്.
യുഎന്നിന്റെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിന് സമീപത്തുണ്ടായിരുന്ന രണ്ട് വീടുകളും പൂർണമായി തകർന്നതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ ആറ് പേർ യുഎൻ ജീവനക്കാരാണ്. ഒളിത്താവളമായും ആക്രമണത്തിന് പദ്ധതികളിടാനും സ്‌കൂളുകളെ ഹമാസ് മറയാക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം.
ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 41,000ത്തിലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 95,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഒക്‌ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെ നശിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പരസ്യ പ്രഖ്യാപനം നടത്തിയത്.