ഗോവ കാണാൻ ആഗ്രഹിക്കാത്ത സഞ്ചാര പ്രിയർ കുറവായിരിക്കും. ഭൂരിപക്ഷം പേരുടെയും സ്വപ്ന ലക്ഷ്യങ്ങളിലൊന്നാണ് ഇന്ത്യയിലെ ഈ ചെറു സംസ്ഥാനം. തിരകൾ തീരത്തോട് കഥ പറയുന്ന ബീച്ചുകളും രാത്രികളെ ആഘോഷമാക്കുന്ന പബ്ബുകളുമൊക്കെയാണ് ഗോവയിലെ പ്രധാന കാഴ്ചകൾ. എന്നാൽ ഈ കാഴ്ചകളിൽ നിന്നും മാറി, ഗോവയുടെ വേറിട്ട മുഖം തേടിയിറങ്ങുന്നവർക്കു സന്ദർശിക്കുവാനായി ധാരാളം ദേവാലയങ്ങളും ദൂത്‌സാഗർ പോലുള്ള വെള്ളച്ചാട്ടങ്ങളുമൊക്കെ ഇവിടെയുണ്ട്. ടാംബ്ഡി സുർല മഹാശിവ ക്ഷേത്രം ഗോവയിലെ വ്യത്യസ്ത കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കാവുന്നൊരിടമാണ്. പഴമയുടെ പ്രൗഢിയും അതിനൊപ്പം ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുമൊക്കെയുള്ളതാണ് ക്ഷേത്രപരിസരം.
ടാംബ്ഡി സുർല ശിവക്ഷേത്രം
കാദംബ ശൈലിയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമാണം പൂർത്തിയാക്കിയിട്ടുള്ളതാണ് ടാംബ്ഡി സുർല ശിവക്ഷേത്രം. പനാജി നഗരത്തിൽ നിന്നും 65 കിലോമീറ്റർ അകലെയായി കിഴക്കൻ ബാൽകോർനം ഗ്രാമത്തിൽ ടാംബ്ഡി സുർലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ സന്ദർശകർക്കായി ഇവിടെ ധാരാളം കാഴ്ചകളുമുണ്ട്. ഡെക്കാൻ പീഠഭൂമിയിൽ കാണപ്പെടുന്ന ബസാൾട്ട് ശിലകൾ കൊണ്ട് ക്ഷേത്ര നിർമിതി. ഇന്ത്യയിലെ തന്നെ അതിപുരാതന ക്ഷേത്രങ്ങളുടെ പട്ടികയിൽ സ്ഥാനമുള്ള ഇവിടെ ഇന്നും ആരാധനകൾ നടക്കുന്നുണ്ടെന്നു മാത്രമല്ല, ധാരാളം വിശ്വാസികൾ എത്തുന്നുമുണ്ട്.
കാട്ടിനുള്ളിലെ ക്ഷേത്രം
ഉൾക്കാടിനുള്ളിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള യാത്ര. ഗോവയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇത് ഭഗവാന്‍ മഹാവീര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. വനത്തിന്റെ പച്ചപ്പ് നൽകുന്ന ശോഭയും പശ്ചിമ ഘട്ട മലനിരകളുടെ ഗാംഭീര്യവുമാണ് സന്ദർശകരെ ആദ്യം ആകർഷിക്കുക. സൂര്യകിരണങ്ങൾ താഴെയെത്താതെ തടഞ്ഞു നിർത്തുന്ന ആ കാടിനുള്ളിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോഴും കുളിർമ അനുഭവപ്പെടും. സാഹസികരായ സഞ്ചാരികൾ മാത്രമേ വനത്തിലൂടെയുള്ള ഈ പാത താണ്ടി ക്ഷേത്രത്തിലേക്ക് എത്താറുള്ളൂ.
യാദവ രാജാവായിരുന്ന രാമചന്ദ്രയുടെ മന്ത്രിമാരിൽ ഒരാൾ നിർമിച്ചതാണ് ടാംബ്ഡി സുർല ക്ഷേത്രമെന്നു കരുതപ്പെടുന്നു. ജൈനമതസ്ഥരുടെ രീതികൾക്കനുസരിച്ചുള്ളതാണ് നിർമിതി. മഹാദേവനാണ് മുഖ്യപ്രതിഷ്ഠ. ശ്രീകോവിലിനുള്ളിൽ ശിവലിംഗത്തിനു സമീപത്തായി ഒരു സർപ്പം കാവലിരിക്കുന്നുണ്ടെന്ന വിശ്വാസം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്. ഗർഭഗൃഹം, അന്തരാള, നന്ദി മണ്ഡപം എന്നിവ ചേരുന്നതാണ് ക്ഷേത്രം. ചിത്രകലകളും കൊത്തുപണികളും കൊണ്ട് സമ്പന്നമായതു കൊണ്ടുതന്നെ ഇവിടെയെത്തുന്ന സന്ദർശകർക്കു ധാരാളം കാഴ്ചകളുണ്ട്. വൈദേശികാക്രമണങ്ങളെയെല്ലാം അതിജീവിച്ച ഒരു ചരിത്രം കൂടി പറയാനുണ്ട് ക്ഷേത്രത്തിന്. ശിരസില്ലാത്ത നന്ദിയെ ആണ് നന്ദിമണ്ഡപത്തിൽ കാണാൻ കഴിയുക. അധിനിവേശകാലത്തു നശിപ്പിക്കപ്പെട്ടതാണിത്. ക്ഷേത്രത്തിനു സമീപത്തായാണ് ടാംബ്ഡി സുർല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, രാഗാഡോ എന്നൊരു നദിയും ഇതിനു സമീപസ്ഥമായി ഒഴുകുന്നുണ്ട്.
ശാന്തവും സുന്ദരമായ പ്രകൃതിയും ചരിത്രമുറങ്ങുന്ന കാഴ്ചകളും ആസ്വദിക്കാൻ താല്പര്യമുള്ളവരാണെങ്കിൽ ഗോവയിലെ ഈ ക്ഷേത്രവും ഇതിനു ചുറ്റുമുള്ള ഭൂമിയും നിങ്ങളിലെ യാത്രാപ്രേമിയെ തൃപ്തിപ്പെടുത്തുക തന്നെ ചെയ്യും.
STORY HIGHLLIGHTS: the-most-ancient-temple-in-goa-mahadev-temple-tambdi-surla