ന്യൂഡൽഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ധ, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പിബി, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ അടക്കമുള്ളവര്‍ വീട്ടില്‍ എത്തി ആദരം അര്‍പ്പിച്ചു.
.”ഇത് സീതാറാമിന്റെ ജെഎൻയു”എന്ന മുദ്രാവാക്യത്തോടെ അന്ത്യാഭിവാദ്യം അർപ്പിച്ചാണ് ജെഎൻയുവിന്റെ മണ്ണ് തങ്ങളുടെ പ്രിയനേതാവിനെ യാത്രയാക്കിയത്. ജെഎൻയുവിലൂടെയായിരുന്നു യെച്ചൂരി ഇന്ത്യൻ രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ചത്.
ഇന്ന് രാത്രി മുഴുവൻ വസന്ത് കുഞ്ജിലെ വസതിയിൽ യെച്ചൂരി ശരീരം സൂക്ഷിക്കും. ശനിയാഴ്ച രാവിലെ പത്തു മണിയോടെ പാർടി കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേയ്ക്ക് കൊണ്ടുവരും. കഴിഞ്ഞ മുപ്പത് വർഷമായി യെച്ചൂരിയുടെ ഓഫീസ് പ്രവർത്തിച്ചത് ഇവിടെയായിരുന്നു. ശനിയാഴ്ച പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി എയിംസിലെത്തിച്ച് വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറും.
വൈകിട്ട് നാലേകാലോടെയാണ് യെച്ചൂരിയുടെ മൃതദേഹം ജെഎൻയുവിൽ എത്തിച്ചത്. സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ ഓഫീസിൽ നടന്ന പൊതുദർശനത്തിൽ ജെഎൻയുവിലെ പുതിയ തലമുറയും പൂർവ വിദ്യാർഥികളും യെച്ചൂരിയുടെ സഹപാഠികളും രാഷ്ട്രീയനേതാക്കളും അന്തിമോപചാരം അർപ്പിച്ചു.