കൊല്‍ക്കത്ത: ആവേശം നിറഞ്ഞ ഐ.എസ്.എൽ പ്രഥമ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മോഹൻബഗാനെ സമനിലയിൽ തളച്ച് മുംബൈ സിറ്റി എഫ്.സി. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് മുംബൈ കളിയിലേക്ക് തിരിച്ച് വന്നത്.
മുംബൈ സിറ്റി നന്നായി കളിച്ചുകൊണ്ടിരിക്കേ, ഒന്‍പതാം മിനിറ്റില്‍ സംഭവിച്ച സെല്‍ഫ് ഗോള്‍ മോഹന്‍ ബഗാനെ മുന്നിലെത്തിച്ചു. അങ്ങനെ സീസണിന്റെ തുടക്കംതന്നെ സെല്‍ഫ് ഗോളോടെയായി. പ്രതിരോധ താരം ലൂയിസ് എസ്പിനോസ അരോയോ മുംബൈയെ അപകടത്തില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ പന്ത് ദേഹത്ത് തട്ടി വലകടന്നു. ഇതോടെ ഒന്‍പതാംമിനിറ്റില്‍ത്തന്നെ മോഹന്‍ ബഗാന്‍ മുന്നിലെത്തി (1-0).
28-ാം മിനിറ്റിലായിരുന്നു മോഹന്‍ ബഗാന്റെ രണ്ടാം ഗോള്‍. ബോക്‌സിന് പുറത്തുനിന്ന് ജെര്‍ഗ് സ്റ്റെവാര്‍ട്ട് സ്വീകരിച്ച പന്ത് ഹെഡ് ചെയ്ത് ആല്‍ബര്‍ട്ടോ റോഡ്രിഗസിന് ബാക്ക് പാസ് നല്‍കി. റോഡ്രിഗസ് ഒരുനിമിഷംപോലും പാഴാക്കാതെ ഇടംകാലുകൊണ്ട് പന്ത് വലയിലേക്ക് കയറ്റി (2-0). ആദ്യ പകുതി ആ നിലയില്‍ അവസാനിച്ചു.
69-ാം മിനിറ്റില്‍ മുംബൈയുടെ ആദ്യ ഗോളെത്തി. ലൂയിസ് എസ്പിനോസ അരോയോ വകയായിരുന്നു മുംബൈയുടെ ഗോള്‍. എസ്പിനോസയ്ക്ക് അത് നേരത്തേ സെല്‍ഫ് ഗോള്‍ നേടിയതിനുള്ള പ്രായശ്ചിത്തംകൂടിയായിരുന്നു. 90-ാം മിനിറ്റില്‍ തായര്‍ ക്രോമയുടെ ഗോള്‍ കൂടി വന്നതോടെ മുംബൈ സമനിലയുമായി രക്ഷപ്പെട്ടു.