Kerala

മുല്ലപ്പെരിയാർ ഡാം; പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവോണത്തിന് നിരാഹാര സമരം | Hunger strike on Thiruvonam to resolve Mullaperiyar dam issue

കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടുയർത്തുന്ന ഭീഷണിക്കു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി തിരുവോണനാളിൽ രാവിലെ 10 മുതൽ ഉപ്പുതറ ടൗണിൽ ഉപവാസ സമരം നടത്തും. അണക്കെട്ടിന്റെ അപകടാവസ്ഥ അതിവേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണു സമരം.

സുപ്രീം കോടതിയിൽനിന്നു കേരളത്തിന് അനുകൂലമായ വിധി നേടിയെടുത്ത ഡോ. ജോ ജോസഫ്, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് മുഹമ്മദ് സക്കീർ മൗലവി, കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി അനിമേറ്റർ സാബു ജോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി, മലനാട് എസ്എൻഡിപി യൂണിയൻ പ്രതിനിധി എം.എ.സുനിൽ, ഫാ. സുരേഷ് ചപ്പാത്ത്, മുഹമ്മദ് റിയാസ് മൗലവി, ഇ.ജെ.ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

അണക്കെട്ടുകളെക്കുറിച്ചു പഠനം നടത്തുന്ന രാജ്യാന്തരതലത്തിലുള്ള ഏജൻസികളെ സുരക്ഷാപരിശോധനയ്ക്കു നിയമിക്കണമെന്ന് മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി പി.ജോസഫ്, ജനറൽ കൺവീനർ സിബി മുത്തുമാക്കുഴി, കൺവീനർ ജേബ് പനന്താനം, സി.എസ്.രാജേന്ദ്രൻ, പി.ടി.ജോസഫ് എന്നിവർ പറഞ്ഞു.