തിരുവനന്തപുരം: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ ഭുജിൽനിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യ വന്ദേ മെട്രോ സർവീസ്. വന്ദേ മെട്രോ നിരക്കുകളും റെയിൽവേ പ്രഖ്യാപിച്ചു. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഒരാഴ്ച മുതൽ ഒരു മാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഉണ്ടാകും. 20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാം.
ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്. വന്ദേ മെട്രോ ഉൽപാദനം കൂട്ടിയതിനാൽ വൈകാതെ കേരളത്തിനും ട്രെയിനുകൾ ലഭിക്കും. കോഴിക്കോട്– എറണാകുളം, എറണാകുളം– കോയമ്പത്തൂർ, മംഗളൂരു– കോഴിക്കോട്, മധുര– ഗുരുവായൂർ (പാലക്കാട് വഴി), എറണാകുളം– തിരുവനന്തപുരം, കൊല്ലം– തിരുനെൽവേലി റൂട്ടുകളിൽ വന്ദേ മെട്രോ സർവീസുകൾക്കു സാധ്യതയുണ്ട്.