തിരുവനന്തപുരം: സിനിമാമേഖലയുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമായിരിക്കും മൊഴിയെടുപ്പിലേക്ക് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കടക്കുക. അനുബന്ധങ്ങളടക്കം ഏകദേശം 4000 പേജുള്ള പൂർണ റിപ്പോർട്ട് പഠിക്കുകയാണെന്നും എത്രയും വേഗം മൊഴിയെടുപ്പിലേക്കും തുടർ നടപടികളിലേക്കും കടക്കുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
നടിമാരടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ രൂപം നൽകിയ പ്രത്യേക സംഘം, ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. റിപ്പോർട്ടിൽ മുൻപ് മറച്ചുവച്ച ഭാഗങ്ങളടക്കം സംഘത്തിന്റെ കയ്യിലെത്തിയതോടെ, അതിക്രമങ്ങളിൽ കൂടുതൽപേർക്കെതിരെ കേസെടുക്കാൻ സാധ്യത തുറന്നേക്കാം.
അതിക്രമങ്ങൾക്കിരയായവരിൽ ചിലർ കമ്മിറ്റി മുൻപാകെ വിശദമായി സംസാരിച്ചിട്ടുണ്ട്. ഇവയടക്കം പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കും. അതിക്രമത്തിനിരയായതായി വെളിപ്പെടുത്തൽ നടത്തിയവരെയെല്ലാം അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥർ ബന്ധപ്പെടും. ഇവരിൽ എത്രപേർ അന്വേഷണ സംഘത്തിനു മൊഴി നൽകി നിയമനടപടിയുമായി മുന്നോട്ടുപോകാൻ തയാറാകുമെന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ വ്യക്തത വരും.