Celebrities

ആത്മഹത്യയെ കുറിച്ച് മനസ് തുറന്നത് കമൽ സാറിനോട്; മറുപടി കേട്ട് വല്ലാതായി പോയെന്ന് ഉർവശി

ആ നാളുകളിൽ നേരിട്ട മാനസിക സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശിയിപ്പോൾ

പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ അഭിനയ മികവ് കൈവശമുള്ള നടിയാണ് ഉർവശി. സിനിമയ്ക്ക് പുറത്ത് ഉർവശി എടുക്കുന്ന നിലപാടുകളും എന്നും കയ്യടി നേടാറുണ്ട്. ജീവിതത്തിൽ നിരവധി പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്താണ് ഉർവശി ഇന്നും നിലനിൽക്കുന്നത്. അനുജന്റെ മരണം, വിവാഹമോചനം, ചേച്ചി കൽപ്പനയുടെ അപ്രതീക്ഷിത മരണം എന്നിവ അവയിൽ ചിലതുമാത്രം.

ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് പോലും താൻ ചിന്തിച്ചിരുന്നെന്ന് ഉർവശി പറയുന്നു. അന്ന് കമൽ ഹാസൻ തനിക്ക് തന്ന ആത്മധൈര്യത്തെക്കുറിച്ചും നടി സംസാരിച്ചു. നടൻ മനോജ് കെ ജയനുമായുള്ള വിവാഹ മോചന സമയത്ത് ഉർവശിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ ചെറുതല്ല. മറക്കാനാകാത്ത ആ നാളുകളിൽ നേരിട്ട മാനസിക സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശിയിപ്പോൾ.

ചുറ്റുമുള്ളവർ നമ്മളെ മനസിലാക്കുന്നില്ലല്ലോ എങ്ങനെയത് പ്രകടിപ്പിക്കും എന്ന കൺഫ്യൂഷൻ വന്നപ്പോൾ ഒരു പ്രാവശ്യം കമൽ സാറിനെ വിളിച്ചു. അദ്ദേഹം ഒട്ടും അതിന് ഗൗരവം കൊടുത്തില്ല. ധൈര്യമുള്ള ആർക്കും മരിക്കാം. ഭീരുക്കൾക്ക് മരിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. ‘നമ്മളെ സ്നേഹിക്കുന്നവരെ വിട്ട് നിങ്ങൾ കരഞ്ഞോ എന്ന് പറഞ്ഞ് പോകാൻ ധൈര്യം വേണം. അതൊക്കെ ഈസിയുള്ള മാർഗമല്ലേ, നിങ്ങൾക്ക് പറ്റിയ മാർഗം സ്വീകരിച്ചോളൂ, പക്ഷെ നിങ്ങൾക്ക് സിനിമയോട് കടപ്പാടുണ്ട്. പ്രേക്ഷകരോട് ക‌ടപ്പാടുണ്ട്’

‘നിങ്ങളെ ഇങ്ങനെ ഉയർത്തി കൊണ്ട് വന്നത് അവരാണ്. അവരോട് വ്യക്തമായ മറുപടി പറഞ്ഞ് നിങ്ങൾ ചെയ്തോ’ എന്ന് കമൽ സർ പറഞ്ഞു. ‘നിങ്ങളില്ലെങ്കിലും ലോകം അങ്ങനെ തന്നെ മുന്നോട്ട് പോകും, ഒന്നോ രണ്ടോ ദിവസത്തെ സംസാരം. അത് കഴിഞ്ഞ് സാധാരണ രീതിയിലാകും. ഇതിന് വേണ്ടി എന്തിന് സ്വന്തമായി കഷ്ടപ്പെടുന്നത്. എന്തായാലും എന്നെങ്കിലും ഒരിക്കൽ പോയേ പറ്റൂ’

ദൈവത്തിലാണല്ലോ ഉർവശിക്ക് വിശ്വാസം. ദൈവത്തോട് വിളിച്ച് ചോദിക്ക്, ഞാനങ്ങനെ ദൈവത്തോട് വിളിച്ച് ചോദിക്കുന്ന ആളല്ല’ എന്നും പറഞ്ഞു. അങ്ങനെ ലാഘവത്തോടെ പറഞ്ഞപ്പോൾ ഞാൻ വല്ലാതായിപ്പോയി. ഇങ്ങനെ ആയിരുന്നല്ലോ പ്രതീക്ഷിച്ചത്. എന്നാൽ പിന്നെ നോക്കിയിട്ട് തന്നെ വേറെക്കാര്യം എന്ന് താൻ കരുതിയെന്നും ഉർവശി ഓർത്തു.

അങ്ങനെയൊരു കടപ്പാട് കമൽ സാറിനോടുണ്ട്. എല്ലാക്കാലത്തും ആ വ്യക്തി ബന്ധം നിലനിൽക്കുന്നുണ്ടെന്നും ഉർവശി വ്യക്തമാക്കി. അതേസമയം വിഷമഘട്ടത്തിൽ തന്നെ ആശ്വസിപ്പിക്കാത്തവരെക്കുറിച്ച് സംസാരിക്കാൻ നടി തയ്യാറായില്ല. അത് പറഞ്ഞാൽ കാലം കടന്ന് പലരെയും നമ്മൾ വിഷമിപ്പിക്കേണ്ടി വരും. അതൊക്കെ വിധിയാണ്. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അനുഭവിക്കേണ്ടത് അനുഭവിച്ച് തന്നെ തീരണം. തെറ്റായ തീരുമാനങ്ങളെടുത്തു എന്നേ സ്വയം കുറ്റപ്പെടുത്തേണ്ടി വന്നിട്ടുള്ളൂ. എല്ലാക്കാലത്തും അതുണ്ടായിക്കൊണ്ടിരിക്കും. കൈക്കുമ്പിളിൽ നിന്ന് ചോറ് മണ്ണിൽ വീണു. ഇനി അത് കോരിയെടുക്കാൻ നിവൃത്തിയില്ല. ആ തോന്നലുണ്ടാകുമ്പോഴൊക്കെ ആ ചോദ്യം നമ്മുടെ മനസിലുണ്ടാവും. അതൊക്കെ മറികടന്ന് ഇതിനേക്കാൾ അനുഭവിച്ചവരെ ചുറ്റിലും നോക്ക് എന്ന് സ്വയം ഓർമ്മപ്പെടുത്താൻ കുറച്ച് സമയം വേണ്ടി വന്നെന്നും ഉർവശി വ്യക്തമാക്കി.

ഉള്ളൊഴുക്കാണ് ഉർവശിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഈ സിനിമയിലൂടെ നടിക്ക് ലഭിച്ചു. ഉർവശിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. എൽ ജഗദമ്മ ബി ഏഴാം ക്ലാസ് ബിയാണ് ഉർവശിയുടെ വരാനിരിക്കുന്ന മലയാള സിനിമകളിലൊന്ന്.

content highlight: urvashi-recalls-toughest-phase