Thiruvananthapuram

തിരുവോണം കഴിഞ്ഞാല്‍ പിന്നെ SLK ‘ഫുട്‌ബോള്‍ പൂരം’ തലസ്ഥാനത്ത് (സ്‌പെഷ്യല്‍ സ്റ്റോറി) /After Thiruvonam, SLK ‘Football Pooram’ in Capital (Special Story)

ഓണാഘോഷമില്ല, പകരം ഫുട്‌ബോള്‍ ആഘോഷമാക്കും, മത്സരം തിരുവനന്തപുരം കൊമ്പന്‍സും, തൃശൂര്‍ മാജിക് FCയും തമ്മില്‍

വയനാട് മുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുരത്തില്‍ എല്ലാ നഷ്ടപ്പെട്ടവരുടെയും ദുഖത്തില്‍ പങ്കു ചേര്‍ന്ന് തലസ്ഥാന നഗരവാസികള്‍ ഓണാഘോഷം ഒഴിവാക്കിയപ്പോള്‍ പകരം കിട്ടിയതാണ് സൂപ്പര്‍ ലീഗ് കേരളയുടെ(SLK)യുടെ മത്സരം. അതും നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍. മതസൗഹാര്‍ദ്ദത്തിന്റെ ജംഗ്ഷനിലെ കാല്‍പ്പന്താരവത്തിന് ഇത്തവണത്തെ ഓണാഘോഷത്തേക്കാള്‍ പ്രാധാന്യമുണ്ട്. കാരണം, തലസ്ഥാനത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ തിരുവനന്തപുരം കൊമ്പന്‍സ് ഇറങ്ങുന്ന ദിനമാണ്.

1989ല്‍ സോവിയറ്റ് യൂണിയനുമായി ഇന്ത്യന്‍ ടീം മാറ്റുരച്ച മത്സര ഓര്‍മ്മകള്‍ ഇന്നും തലസ്ഥാനത്തെ ഫുട്‌ബോളിന്റെ ‘തല’യായി നിര്‍ത്തുന്നുണ്ട്. കാലം മാറിയതോടെ കഥയും മാറി. പോലീസ് സ്‌റ്റേഡിയം എന്ന പേരുമാത്രം ബാക്കിയായതോടെ പ്രതാപകാലം മങ്ങി. എന്നാല്‍, വീണ്ടും ഒരു കായിക സൂര്യന്‍ ഉദിക്കുകയാണ്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍. ഇരുട്ടിനെ കീറി മുറിക്കുന്ന വെളിച്ചം നല്‍കി ഫ്‌ളഡ് ലൈറ്റുകള്‍ പ്രകാശിക്കാന്‍ പോവുകയാണ്. കാല്‍പ്പന്ത് കളിയുടെ പുത്തന്‍ പ്രതിഭകള്‍ പന്തുതട്ടാനെത്തുകയാണ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍.

സൂപ്പര്‍ ലീഗ് കേരളയില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെയും തലസ്ഥാനത്തിന്റെയും ഹോം ഗ്രൗണ്ടില്‍ സെപ്റ്റംബര്‍ 16ന് ബ്രസീലിയന്‍ താരം പാട്രിക് മോട്ടയുടെ നേതൃത്വത്തിലുള്ള ടീം തൃശൂര്‍ മാജിക് എഫ്സിയുമായി ഏറ്റുമുട്ടും. കേരള പൊലീസിന്റെ ഗ്രൗണ്ട് ഒക്ടോബര്‍ 31 വരെ ടീം വാടകയ്ക്ക് എടുത്തിട്ടുണ്ട്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. 50 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബര്‍ 21, ഒക്ടോബര്‍ 02, 06, 26 തീയതികളില്‍ നടക്കുന്ന മത്സരങ്ങളില്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര താരങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പന്ത് തട്ടാനെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ആറ് ബ്രസീലിയന്‍ താരങ്ങളും എട്ട് ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെട്ട ടീമില്‍ കോവളം എഫ്സിയില്‍ നിന്നുള്ള കളിക്കാരുമെത്തും. സര്‍വ് സജ്ജമായി കളിക്കളം ഉണരുമ്പോള്‍ കേരളത്തിന്റെ ഫുട്‌ബോള്‍ മേല്‍വിലസമായിരുന്ന തലസ്ഥാനം പൂര്‍വകാല പ്രതാപത്തിലേക്കുള്ള പാതയിലാണ്. അതിനായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഈ പ്രശസ്തമായ വേദി അസംഖ്യം ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. മൈതാനത്തിലെ പുല്‍നാമ്പുകള്‍ക്ക് പറയാന്‍ നിരവധി അന്താരാഷ്ട്ര താരങ്ങളുടേയും ഇതിഹാസങ്ങളുടേയും കാല്‍പന്ത് മികവിന്റെ കഥകളുണ്ട്.

ലോകമെമ്പാടു നിന്നുമുള്ള അവിസ്മരണീയരായ ഫുട്ബോള്‍ ഇതിഹാസങ്ങള്‍ പങ്കെടുത്തിട്ടുള്ള മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട് ഈ സ്റ്റേഡിയം. ഇഗോര്‍ ബെലനോവ്, യെവന്‍ യെവ്റ്റുഷെന്‍കോ, വാസില്‍ റാറ്റ്സ്, സെര്‍ഹി വിക്റ്റോറോവിച്ച് ക്രാക്കോവ്സ്‌കി എന്നിവര്‍ ഇവിടെ കളിച്ചിട്ടുണ്ട്. സവിശേഷമായ നൈപുണ്യങ്ങള്‍ക്ക് പ്രസിദ്ധനും 1986ലെ ബാലണ്‍ഡിയോര്‍ പുരസ്‌കാര ജേതാവുമായ ഡൈനാമോ കീവ് താരമാണ് ഇഗോര്‍ ബെലനോവ്. ആരാധകരേറെയുള്ള പ്രകടനങ്ങള്‍ക്ക് പ്രശസ്തനായ താക്കോല്‍ താരമാണ് യെവന്‍ യെവ്റ്റുഷെന്‍കോ. കീര്‍ത്തികേട്ട കരിയറുള്ള ഇടത് മധ്യനിര താരമാണ് വാസില്‍ റാറ്റ്സ്.

എഫ്സി നിപ്രോ നിപ്രോപെട്രോവ്സ്‌കില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാക്കിയ വേറിട്ട് നില്‍ക്കുന്ന ഗോള്‍ കീപ്പറാണ് സെര്‍ഹി വിക്റ്റോറോവിച്ച് ക്രാക്കോവ്സ്‌കി. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറു, ചൈന, ദക്ഷിണ കൊറിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ റൊമാനിയ, ഹങ്കറി, (കിഴക്കന്‍) ജര്‍മ്മനി, ആഫ്രിക്കന്‍ രാജ്യമായ സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകളുടെ ബൂട്ട്സ്പര്‍ശമേറ്റ സ്റ്റേഡിയം ആഗോള ഫുട്ബോളില്‍ അതിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര താരങ്ങള്‍ക്കുള്ള വേദിയെന്നതിനപ്പുറം, ഈ സ്റ്റേഡിയം നിരവധി പ്രധാനപ്പെട്ട ആഭ്യന്തര, പ്രാദേശിക ടൂര്‍ണമെന്റുകള്‍ക്ക് വേദിയായിട്ടുണ്ട്.

1986, 1991 എന്നീ വര്‍ഷങ്ങളില്‍ നെഹ്റു കപ്പ് നടന്നത് ഇവിടെയാണ്. 1991ലാണ് അവസാനത്തെ അന്താരാഷ്ട്ര മത്സരം നടന്നത്. തിരു-കൊച്ചി, മലബാര്‍ അസോസിയേഷനുകളെ കേരള ഫുട്ബോള്‍ അസ്സോസിയേഷന്‍ എന്ന പേരില്‍ ലയിപ്പിച്ച കേണല്‍ ജി.വി രാജയുടെ നേതൃത്വത്തില്‍ 1956ല്‍ നടന്ന പ്രധാന ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിയും ഇവിടെ നടന്നിട്ടുണ്ട്. 1973 മുതല്‍ 1984 വരെ ജി.വി രാജ ട്രോഫി ഫുട്ബള്‍ മത്സരവും നടന്നു. 1987ലെ ദേശീയ ഗെയിംസ് ഫൈനലില്‍ കേരളവും പഞ്ചാബും തമ്മിലുള്ള അവിസ്മരണീയ പോരാട്ടം നടന്നതും ഇവിടെയാണ്. ബി.എന്‍ മുള്ളിക്ക് സ്മാരക അഖിലേന്ത്യാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പും, ബിഷപ്പ് പെരേര സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റും നടന്നിട്ടുണ്ട്. 1997, 2010, 2017, 2019 വര്‍ഷങ്ങളില്‍ നടന്ന മേയേഴ്സ് കപ്പിനും ആതിഥേയത്വം വഹിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച ഫുട്ബോള്‍ പ്രതിഭകളുടെ പ്രകടനം കാഴ്ചവെക്കുന്ന ഐ-ലീഗ് രണ്ട് സീസണ്‍ ഇവിടെയാണ് നടന്നതും.

CONTENT HIGHLIGHTS; After Thiruvonam, SLK ‘Football Pooram’ in Capital (Special Story)

Latest News